ആറ്റിങ്ങൽ/കിളിമാനൂർ: ടിപ്പറുകളുടെ മരണപ്പാച്ചിൽ കാരണം റോഡിലൂടെ നടക്കാൻ പോലും പറ്റാതെ പൊതുജനം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ തിരികെയെത്തുമോ എന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥ. ഭയംമൂലം പ്രഭാത സവാരിക്കാർ റോഡിലെ നടത്തം ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ടിപ്പർ ലോറികളുടെ സഞ്ചാരത്തിന് വേഗനിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് പോക്ക്. വലിയ ഹോൺ മുഴക്കി എത്തുന്ന ടോറസിന് സൈഡ് നൽകിയില്ലെങ്കിൽ അപകടമുറപ്പാണ്. ടിപ്പർ ലോറിയിടിച്ച് സംസ്ഥാനത്ത് ഒരുമാസത്തിനിടെ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതർ പരിശോധന കാര്യക്ഷമമാക്കിയിട്ടില്ല. മണ്ണും മണലും കരിങ്കല്ലും കയറ്റിയ ടിപ്പറുകളുടെ മുകൾഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടണമെന്നിരിക്കെ പലരും പാലിക്കാറില്ല. അമിതഭാരം കയറ്റിയുള്ള ഓട്ടംമൂലം പല റോഡുകളും തകർന്ന നിലയിലാണ്.
 ട്രിപ്പ് കൂട്ടാൻ മരണപ്പാച്ചിൽ
പാറമടകളിലും മെറ്റൽ ക്രഷറുകളിലും നിന്നുള്ള സാധന സാമഗ്രികളുമായാണ് ലോറികൾ ചീറിപ്പായുന്നത്. കൂടുതൽ ട്രിപ്പടിച്ചാൽ കൂടുതൽ പണം ലഭിക്കും. അവധി ദിവസങ്ങളുടെ മറവിൽ പാടം നികത്തലും അനധികൃത മണ്ണെടുപ്പും മേഖലയിൽ സജീവമാണ്. ഇത്തരം ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന ലോറികൾ അധികൃതരുടെ കണ്ണിൽപ്പെടാതിരിക്കാൻ ഗ്രാമീണ റോഡുകളിലൂടെയാണ് കൂടുതലായും പോകുന്നത്. ടോറസിലെ അമിതഭാരവും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള യാത്രയും അപകടം ക്ഷണിച്ചുവരുത്തുന്ന അവസ്ഥയാണ്.
റോഡുകളും തകർന്നു
വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ പാറ ലഭിക്കാതെ വന്നതോടെയാണ് സംസ്ഥാന സർക്കാർ അനുമതിയോടെ ഗ്രാമീണ മേഖലയിൽ പാറ ഖനനം ആരംഭിച്ചത്. പകൽ സമയങ്ങളിൽ പാറ കയറ്റിയ കൂറ്റൻ വാഹനങ്ങൾ നാട്ടുകാർക്കും പരിസരവാസികൾക്കും ചെറു വാഹങ്ങൾക്കും ഭീഷണിയായതോടെ പാറയുമായുള്ള വാഹനങ്ങളുടെ യാത്ര രാത്രികാലങ്ങളിലായി. അമിതലോഡും വഹിച്ചു കൊണ്ടുള്ള യാത്ര ഇടറോഡുകളെയും പ്രധാന റോഡുകളെയും തകർത്തു. ലോറിയിൽ കയറ്റാവുന്നതിൽ കൂടുതൽ പാറ കയറ്റിയതാണ് റോഡുതകരാൻ പ്രധാന കാരണം. എന്നാൽ ഈ വാദം നിർമ്മാണ കമ്പനി നിക്ഷേധിച്ചു.