വർക്കല: വർക്കലയിൽ മുദ്രപത്രങ്ങൾ ആവശ്യത്തിന് ലഭിക്കുന്നില്ല. പ്രത്യേകിട്ട് 50ന്റെയും 100ന്റെയും. മുദ്രപത്രം വാങ്ങുന്നതിന് വെണ്ടർമാരെയും ആധാരം എഴുത്തു സ്ഥാപനങ്ങളെയും സമീപിക്കുമ്പോൾ കൈമലർത്തുകയാണ് ഇവർ.

ഏറ്റവും കുറഞ്ഞത് 500 രൂപ പത്രങ്ങൾ മാത്രമാണ് നിലവിൽ ലഭിക്കുന്നത്. ബാങ്ക് ലോണുകൾ, കെട്ടിടവാടക കരാർ, തൊഴിലുറപ്പ്, ജനനമരണ സർട്ടിഫിക്കറ്റുകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി 100 രൂപയുടെയോ 200രൂപയുടെയോ മുദ്രപത്രങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. 8 മാസത്തോളമായി 100 രൂപ പത്രത്തിന് ക്ഷാമം നേരിടുന്നുണ്ട്. വർക്കലയിൽ മുദ്രപത്രം വാങ്ങുന്നതിനുള്ള ലൈസൻസുള്ള വെണ്ടർമാരിൽ നിന്നാണ് മറ്റ് ആധാരമെഴുത്ത് സ്ഥാപനങ്ങൾ പത്രം വാങ്ങുന്നത്. ആധാരമെഴുത്തിനൊപ്പം വെണ്ടർ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് പുറമെ മുദ്രപത്രം വില്പന നടത്തുന്ന വെണ്ടർമാരുമുണ്ട്. ഇത്തരം വെണ്ടർമാരിൽ നിന്നു മുദ്രപത്രങ്ങൾ ഒരുമിച്ച് വാങ്ങി ആവശ്യത്തിന് ഉപയോഗിക്കുന്ന ഡി.ടി.പി സ്ഥാപനങ്ങൾ,​ അപേക്ഷ എഴുതാൻ ഓഫീസ് പടിക്കലിരിക്കുന്നവർ ഇവർക്കാർക്കും പത്രം കിട്ടാത്ത അവസ്ഥ.

 ആവശ്യത്തിനില്ല

കടയ്ക്കാവൂർ ട്രഷറിയിൽ 100രൂപ പത്രത്തിന്റെ കൂടുതൽ സ്റ്റോക്കുണ്ടായിരുന്നതിൽ നിന്നാണ് വർക്കല ട്രഷറി വാങ്ങി വിതരണം നടത്തിയതെന്നാണ് വെണ്ടർമാർ പറയുന്നത്. ഇത് ആവശ്യത്തിന് ലഭിച്ചതുമില്ല. വർക്കല, കവലയൂർ, നാവായിക്കുളം എന്നിവിടങ്ങളിലുള്ള പത്തോളം വെണ്ടർമാർക്കായി 100 രൂപയുടെ 2000 പത്രങ്ങൾ മാത്രമാണ് വിതരണം നടത്തിയത്. തിരുവനന്തപുരം ഡിപ്പോയിൽ 50,100രൂപ പത്രങ്ങൾക്ക് കുറച്ചുകൂടി കാലതാമസം വരുമെന്ന് പറഞ്ഞതായാണ് വില്പനക്കാർ പറയുന്നത്.