
നെടുമങ്ങാട് : കുളിച്ചൊരുങ്ങി സുന്ദരിയായി തീർത്ഥക്കുട്ടി,വിഷുപ്പുലരിയിൽ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ആഹ്ലാദമാണ്.ആചാര്യ സ്ഥാനത്ത് ആറ്റിങ്ങലിലെ ഇടതു സ്ഥാനാർത്ഥി വി.ജോയി. കുട്ടിയെ മടിയിലുത്തി സ്വർണമോതിരം കൊണ്ടു നാവിൽ 'ഹരിശ്രീ'എന്നെഴുതി. കുരുന്നു വലതു കൈയിലെ ചൂണ്ടുവിരൽ പിടിച്ച് പച്ചരി നിറച്ച പാത്രത്തിൽ മെല്ലെ കുറിച്ചു, 'ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ'.തെളിഞ്ഞു കത്തുന്ന നിലവിളക്കിനു മുന്നിൽ ഓടക്കുഴൽ മീട്ടുന്ന ഉണ്ണിക്കണ്ണൻ സാക്ഷി. 'അറിവ് ആർജിച്ച് അച്ഛനും അമ്മയ്ക്കും അഭിമാനമാകണം'- വിഷുക്കൈനീട്ടം നൽകി കുഞ്ഞിന് ആചാര്യന്റെ സ്നേഹോപദേശം. പൂവച്ചൽ സ്വദേശികളായ രതീഷിന്റെയും മേഘയുടെയും മകൾ തീർത്ഥയ്ക്കാണ് വി.ജോയി വിഷുക്കണിക്കൊപ്പം ആദ്യാക്ഷരം കുറിച്ചത്.വിവിധ ക്ഷേത്രങ്ങളിലെത്തി ഭക്തജനങ്ങൾക്ക് 'ഹാപ്പി വിഷു' നേരാനും സ്ഥാനാർത്ഥി മറന്നില്ല.നെടുമങ്ങാട് മേഖലയിൽ പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും കരുപ്പൂര് മുഖവൂർ ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലുമാണെത്തിയത്. അരുവിക്കര മണ്ഡലത്തിലെ സ്വീകരണപര്യടനം ജി.സ്റ്റീഫൻ എം.എൽ.എ കാട്ടാക്കട ചന്തനടയിൽ ഉദ്‌ഘാടനം ചെയ്തു.നാടുകാണി മുളയംകോട് വഴി നാല്പതോളം കേന്ദ്രങ്ങൾ പിന്നിട്ട് നാവെട്ടിക്കോണത്ത് ഉച്ചവിശ്രമം. മൈലം,കാച്ചാണി മേഖലയിലൂടെ രാത്രി ഇരുമ്പ കുന്നത്തുനടയിലായിരുന്നു സമാപനം.ഇന്ന് രാവിലെ ചിറയിൻകീഴ് കടമുക്കിൽ ആരംഭിച്ച് ആറ്റിങ്ങൽ നഗരസഭയിലെ കിഴക്കേനാലുമുക്കിൽ സമാപിക്കും.മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.മുൻ മന്ത്രി വി.എസ്.ശിവകുമാറിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 'ഹാപ്പി വിഷു'വിന് തുടക്കം കുറിച്ചത്. ആറ്റിങ്ങലിലെ ജനങ്ങൾ സമ്മാനിക്കുന്ന വിഷുക്കൈനീട്ടമാകും മികച്ച ഭൂരിപക്ഷത്തോടെയുള്ള അടൂർ പ്രകാശിന്റെ വിജയമെന്ന് ശിവകുമാർ ആശംസിച്ചു.വാമനപുരം മണ്ഡലം പര്യടനം നന്ദിയോട് കുറുപുഴയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആനക്കുഴി ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് നന്ദിയോട് ബി.സുശീലൻ,ബിനു.എസ് നായർ, ഷംസുദ്ധീൻ, കല്ലറ അനിൽകുമാർ,ഡി.രഘുനാഥൻ നായർ, പി.എസ്.ബാജി ലാൽ,കൃഷ്ണ പ്രസാദ്,മിനി ലാൽ,ബിനു ലാൽ,സുധീർഷാ പാലോട് എന്നിവർ പങ്കെടുത്തു.പാലോട്, താന്നിമൂട് ,പഴവിള വഴി വെള്ളംകുടിയിൽ പര്യടനം പൂർത്തിയാക്കി. ഇന്നലെ നെടുമങ്ങാട് മണ്ഡലത്തിലായിരുന്നു സ്വീകരണം.ബൈക്ക് റാലിയും വാദ്യമേളങ്ങളും അകമ്പടിയായി.കോയിക്കൽ ക്ഷേത്രപരിസരത്ത് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്‌ഘാടനം ചെയ്ത പര്യടനം വട്ടപ്പാറയിൽ വിശ്രമിച്ച് രാത്രി വലിയമല മുതിയൻകാവിൽ സമാപിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കല്ലറ സുകു, മുനീർ,തേക്കട അനിൽകുമാർ,നെട്ടിറച്ചിറ ജയൻ,വട്ടപ്പാറ ചന്ദ്രൻ, എസ്.അരുൺകുമാർ, മന്നൂർക്കോണം സത്യൻ, കായ്പ്പാടി അമിനുദീൻ, അൽത്താഫ്, മനോജ് വെമ്പായം, മഹേഷ് ചന്ദ്രൻ, ഉഴമലയ്ക്കൽ ബാബു എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ പ്രാവച്ചമ്പലത്ത് തുടങ്ങി രാത്രി കാട്ടാക്കടയിൽ സമാപിക്കും.കരകുളം കൃഷ്ണപിള്ള ഉദ്‌ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടാക്കടയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്തതിന്റെ ത്രില്ലിലായിരുന്നു കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരൻ.ബി.ജെ.പി പതാക കെട്ടിയ വാഹനങ്ങളുടെ നീണ്ട നിരയും വി.മുരളീധരന് വോട്ട് അഭ്യർത്ഥിച്ചുള്ള പ്രചാരണ വാഹനങ്ങളും ഗ്രാമവഴികളെ പ്രകമ്പനം കൊള്ളിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ നിന്ന് കാട്ടാക്കടയിലേക്ക് പ്രവഹിച്ചു.ആറ്റിങ്ങൽ വീരകേരളപുരം ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു വി. മുരളീധരൻ വിഷുദിന പ്രചാരണത്തിന് തുടക്കം കുറിച്ചത്.ശർക്കര ക്ഷേത്രത്തിലും നാവായിക്കുളത്ത് ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ശങ്കരനാരായണസ്വാമി ക്ഷേത്ര പരിസരത്ത് ബാലഗോകുലം ആരംഭിക്കുന്ന ഉദ്യാനത്തിൽ പിച്ചിതൈകൾ നട്ടു.കുട്ടികൾക്ക് വിഷുക്കൈനീട്ടവും നൽകി.ചെറുന്നിയൂർ പഞ്ചായത്തിൽ ചാണക്യൽ കോളനിയും കല്ലുമല കോളനിയും സന്ദർശിച്ചു.സ്ഥലവാസികൾക്കൊപ്പം അംബേദ്കർ ചിത്രത്തിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി.എൻ.ഡി.എ തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനവും നിർവഹിച്ചു.കാട്ടാക്കട തൂങ്ങാംപാറയിൽ 'ഇന്ത്യൻ ഭരണഘടനയാണ് ജനാധിപത്യത്തിന്റെ കരുത്ത്" എന്ന വിഷയത്തിൽ കെ.പി.എം.എസ് സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.ഇന്ന് പര്യടനം തുടരും.