vartha

വിതുര:പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് മേഖലയിൽ അപകടങ്ങൾ തുടക്കഥയാകുന്നു.തൊളിക്കോട് മുതൽ മന്നൂർക്കോണം വരെയുള്ള ഭാഗമാണ് അപകടക്കെണിയായിരിക്കുന്നത്. ഇന്നലെ തൊളിക്കോട് മാങ്കോട്ടുകോണത്ത് വിതുരയിൽ നിന്ന് അമിതവേഗതയിൽ വന്ന കാർ,നെടുമങ്ങാട് നിന്ന് തൊളിക്കോട്ടേക്ക് ശരിയായ ദിശയിൽ വന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചിരുന്നു.സ്കൂട്ടർ യാത്രക്കാരനായ ആനപ്പെട്ടി കടുക്കാമൂട് സ്വദേശി ജയപ്രകാശ് (55) മരിച്ചു.ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിനും പരിക്കേറ്റു.ഇവരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം.

അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.ചുള്ളിമാനൂർ പൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ രണ്ട് മാസമായി റോഡിന്റെ ഒരുവശം ഇടിച്ചിട്ടിരിക്കുകയാണ്.റോഡ് ഇവിടെ പകുതിഭാഗം ടാറിംഗ് നടത്തിയിട്ടുണ്ട്.ഇൗ ഭാഗത്തുകൂടിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.ഇതുവഴി വാഹനങ്ങൾ അമിതവേഗതയിലാണ് പായുന്നത്. മറു ഭാഗത്ത് നിരത്തിയ മെറ്റലുകൾ മുഴുവൻ ഇളകിത്തെറിച്ച് കിടക്കുകയാണ്.ഇത് അപകടക്കെണിയായി മാറിയിട്ടുണ്ട്.