sivagiri-school

ശിവഗിരി: ഗുരുദേവ സ്‌മരണ നിറഞ്ഞുനിന്ന വിഷുദിനത്തിലെ സായാഹ്നത്തിൽ ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശതദീപം തെളിച്ചു.

മന്ത്രി വി.ശിവൻകുട്ടി,​ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സംവിധായകൻ രാജസേനൻ തുടങ്ങിയവർ ദീപം തെളിച്ചതിന് പിന്നാലെ വിവിധ മേഖലയിലെ പ്രമുഖർക്കൊപ്പം സ്‌കൂളിലെ പൂർവകാല അദ്ധ്യാപകരും അനദ്ധ്യാപകരും നിലവിലെ അദ്ധ്യാപകരും മറ്റു ജീവനക്കാരും ദീപം പകർന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ സംസ്ഥാനം ഏറ്റെടുത്തത് കൊണ്ടാണ് കേരളം ഇന്നത്തെ നിലയിലേക്കുയർന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രാജ്യത്ത് ആദ്യമായി വിദ്യാർത്ഥികൾക്കുള്ള പാഠാവലിയിൽ കൃഷിയും ശാസ്ത്രവും അവതരിപ്പിച്ചത് ഗുരുദേവനായിരുന്നുവെന്നും ഗുരു സ്ഥാപിച്ച ശിവഗിരി സ്‌കൂളിലാണ് അതിന് തുടക്കം കുറിച്ചതെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രസ്റ്റ് ബോർഡംഗവും ധർമ്മസംഘം സ്‌കൂളുകളുടെ കോർപ്പറേറ്റ് മാനേജരുമായ സ്വാമി വിശാലാനന്ദ എന്നിവർ സംസാരിച്ചു. മുൻ ജനറൽ സെക്രട്ടറിയും ട്രസ്റ്റ് ബോർഡംഗവുമായ സ്വാമി ഋതംഭരാനന്ദ,ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി വിരജാനന്ദഗിരി,സ്വാമി അംബികാനന്ദ,സ്വാമി സുരേശ്വരാനന്ദ,സ്വാമി ദിവ്യാനന്ദഗിരി, സ്വാമി ഹംസതീർത്ഥ,​നാരായണ ഗുരുകുലത്തിലെ സ്വാമി മന്ത്ര ചൈതന്യ തുടങ്ങിയവർ പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിതാ സുന്ദരേശൻ,മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി,കൗൺസിലർമാർ,കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ,കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ,മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരി ഷിജിൻ ആന്റണി, നടയറ ജമാഅത്ത് ഇമാം സിയാദ് മൗലവി,പാലച്ചിറ ജമാമത്ത് ഇമാം സിയാദ് മലഹാരി,പൂർവ വിദ്യാർത്ഥികളായ സെയിൽസ് ടാക്‌സ് റിട്ടയേർഡ് കമ്മിഷണർ അഡ്വ.സുരേഷ് ബാബു,എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം,​ഡോ.അജയൻ പനയറ,എം.ജി.എം സ്കൂൾ ഡയറക്ടർ ഡോ.പി.കെ.സുകുമാരൻ,വി.ബലറാം,ഡോ.വിജയകുമാർ,അനർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജു,ഡോ.ജയപ്രകാശ്,​ പ്രധാന അദ്ധ്യാപികമാരായ ഒ.വി.കവിത,​വി.പ്രമീളാദേവി,​ജീവനക്കാർ,​നാട്ടുകാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.