v-joy

വർക്കല: വിഷുവിനും വിശ്രമമില്ലാത്ത പര്യടന തിരക്കിലായിരുന്നു മുന്നണി സ്ഥാനാർത്ഥികൾ.വിഷുപ്പുലരിയിൽ പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലും മുഖവൂർ മഹാവിഷ്‌ണു ക്ഷേത്രത്തിലും വി.ജോയി സന്ദർശിച്ചു.വൈകിട്ടോടെ പൊന്മുടിയിലെ വിവിധ ജനവാസ മേഖലകളിലെത്തി വോട്ടഭ്യർത്ഥിച്ചു.ഇന്നലെ കാട്ടാക്കട ചന്തനടയിൽ നിന്ന് ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അരുവിക്കര ഗ്രാമീണ മേഖലകളിലെ അറുപതോളം കേന്ദ്രങ്ങളിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലാണ് പര്യടനം.പുളിമാത്ത് പഞ്ചായത്തിലെ കടമുക്കിൽ നിന്നാരംഭിക്കുന്ന പര്യടനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആറ്റിങ്ങൽ മണ്ഡലത്തിലെ മൂന്ന് പൊതുയോഗങ്ങളിൽ ഇന്ന് പങ്കെടുക്കും.രാവിലെ 10ന് കല്ലറയിലും വൈകിട്ട് 5ന് കരകുളത്തും 6.30ന് ആര്യനാടുമാണ് പൊതുയോഗങ്ങൾ.

വി.എസ്.ശിവകുമാറിൽ നിന്ന് വിഷുകൈനീട്ടം സ്വീകരിച്ചാണ് അടൂർ പ്രകാശ് ഞായറാഴ്ച വാമനപുരം മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്.വിഷുക്കാലത്ത് ആറ്റിങ്ങലിലെ ജനങ്ങൾ സമ്മാനിക്കുന്ന വിഷുകൈനീട്ടമാകും അടൂർ പ്രകാശിന്റെ മികച്ച ഭൂരിപക്ഷ വിജയമെന്ന് കുറുപുഴയിൽ നിന്നാരംഭിച്ച പര്യടനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ വി.എസ്.ശിവകുമാർപറഞ്ഞു.നന്ദിയോട്,പാലോട്,താന്നിമൂട്,പഴവിള,കോട്ടൂർ എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങി രാത്രിയോടെ വെള്ളംകുടി ജംഗ്ഷനിൽ പര്യടനം സമാപിച്ചു.നെടുമങ്ങാട് മണ്ഡലത്തിലാണ് തിങ്കളാഴ്ച പര്യടനം നടത്തിയത്. കോയിക്കൽ ജംഗ്ഷനിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്‌തു.മുതിയൻകാവ് ജംഗ്ഷനിൽ രാത്രിയോടെ പര്യടനം സമാപിച്ചു.ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ പര്യടനം രാവിലെ 8ന് കുണ്ടറത്തേരിയിൽ കരകുളം കൃഷ്‌ണപിള്ള ഉദ്ഘാടനം ചെയ്യും.

ആറ്റിങ്ങൽ വീരകേരളപുരം ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് വി.മുരളീധരൻ വിഷുദിനത്തിലെ പ്രചാരണമാരംഭിച്ചത്. ചിറയിൻകീഴ് ശർക്കര ദേവീക്ഷേത്രത്തിലും നാവായിക്കുളത്ത് ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രപരിസരത്ത് ബാലഗോകുലം ആരംഭിക്കുന്ന ഉദ്യാനത്തിൽ അദ്ദേഹം പിച്ചിത്തൈ നട്ടു. ചെറുന്നിയൂർ പഞ്ചായത്തിലെ പമ്പാ ചാണയ്കൽ,കല്ലുമലകുന്ന് കോളനികളിലെത്തി വോട്ടഭ്യർത്ഥിച്ചു.പമ്പാചാണയ്കൽ കോളനിയിൽ അംബേദ്കറുടെ ഛായാചിത്രത്തിന് മുമ്പിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി.കോളനികളിലെ തിരഞ്ഞെടുപ്പ് കാര്യാലയങ്ങളുടെ ഉദ്ഘാടനവും വി.മുരളീധരൻ നിർവഹിച്ചു. കാട്ടാക്കട തൂങ്ങാംപാറയിൽ നടന്ന കെ.പി.എം.എസ് സാഹോദര്യ സംഗമത്തിലും ഡോ.അംബേദ്കർ ജയന്തി ആഘോഷത്തിലും പങ്കെടുത്തു. നരേന്ദ്രമോദിക്കൊപ്പം കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ പങ്കെടുത്തതിനാൽ ഇന്നലെ പര്യടനം ഉണ്ടായിരുന്നില്ല.