തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മതേതരത്വത്തിന് തിലകക്കുറിയായി പാളയം മഹാഗണപതി ക്ഷേത്രത്തിനു മുന്നിൽ നിർമ്മിച്ച പുതിയ അലങ്കാര ഗോപുരം. വിഷുദിനത്തിൽ വൈകിട്ട് നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഗോപുരം,ഭജനമണ്ഡപം, തിടപ്പള്ളി എന്നിവ സമർപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള ഉള്ളൂർ ദേവസ്വം ഗ്രൂപ്പിലെ പാളയം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 75 ലക്ഷം രൂപ ചെലവിട്ട് ഉദയസമുദ്ര ഗ്രൂപ്പ് ഒഫ് ഹോട്ടൽസാണ് അലങ്കാരഗോപുരം നിർമ്മിച്ചത്.

ഉദയസമുദ്ര ഗ്രൂപ്പ് എം.ഡി രാജശേഖരൻ നായർ,​ഭാര്യ രാധിക എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിനെത്തിയവർക്കുള്ള വിഷുക്കൈനീട്ടം നൽകലിന്റെ ഉദ്ഘാടനം സ്വാമി ചിദാന്ദപുരി നിർവഹിച്ചു. സ്വാമി ബ്രഹ്മാനന്ദ സരസ്വതി,സ്വാമി സാന്ദ്രാനന്ദ,സ്വാമി മഹേശ്വരാനന്ദ സരസ്വതി,തന്ത്രി കണ്ഠരര് മഹേശ്വരര്,ഫാ.സജി ഇളമ്പശ്ശേരിൽ,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ദേവസ്വം ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ,എ.അജികുമാർ,മുൻ പ്രസിഡന്റ് കെ.അനന്തഗോപൻ,സംഗീത സംവിധായകകൻ എം.ജയചന്ദ്രൻ,​മുൻ അംഗം എസ്.എസ്.ജീവൻ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്രത്തിന് തൊട്ടടുത്തായി പാളയം മുസ്ലിം ജമാഅത്തും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും സ്ഥിതിചെയ്യുന്ന ഇവിടം വ്യത്യസ്‌ത മതവിഭാഗക്കാരുടെ ആരാധനാലയങ്ങളുടെ സംഗമഭൂമിയാണ്. അലങ്കാര ഗോപുരത്തിന് 50 അടി വീതം നീളവും ഉയരവുമുണ്ട്. വീതി 20 അടിയാണ്. ഗോപുരത്തിന്റെ മദ്ധ്യത്തായി 18 അടി ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ഗണപതി വിഗ്രഹമാണ് പ്രധാന ആകർഷണം. ഇരുവശത്തുമായി രണ്ട് ചെറിയ വിഗ്രഹങ്ങളുമുണ്ട്. മുംബയിലാണ് വിഗ്രഹങ്ങൾ നിർമ്മിച്ചത്. ഗോപുരവാതിലുകൾ കൃഷ്‌ണശിലയിലുള്ളതാണ്.