തിരുവനന്തപുരം: പത്തുവർഷമായി മോദി സർക്കാർ തന്ത്രപരമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിധി നിർണയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനം പാപ്പനംകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിമാരടക്കമുള്ളവരെ ജയിലിൽ അടച്ച് മോദിസർക്കാർ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. ഇ.ഡി കേന്ദ്രസർക്കാരിന്റെ സേച്ഛാധിപത്യ ഏജൻസിയായി പ്രവർത്തിക്കുന്നു. വരുമാനത്തിന്റെ 40 ശതമാനം കൈയടക്കി വിരലിലെണ്ണാവുന്ന കുത്തക മുതലാളിമാരാണ് മോദിക്കൊപ്പം നിലകൊള്ളുന്നത്. നാനാത്വത്തിൽ ഏകത്വമാണ് ഭാരതം വിഭാവനം ചെയ്യുന്നത്. പക്ഷേ അയോദ്ധ്യ രാമക്ഷേത്രോദ്ഘാടനം മതത്തെ പ്രോത്സാഹിപ്പിക്കുന്ന ചടങ്ങായിരുന്നുവെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. പൗരത്വബില്ല് ജനാധിപത്യവിരുദ്ധമാണ്. പൊള്ളയായ വാഗ്ദാനങ്ങളുമായാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തൊഴിലില്ലായ്‌മയിലും പെട്രോളിന്റെയും അവശ്യസാധനങ്ങളുടെയും വിലവർദ്ധനയിലും കേന്ദ്രസർക്കാർ നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.