
തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പി.എസ്.സി പുതിയ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞദിവസം റദ്ദായ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ നൽകിയ കേസിന്റെ വിധിയനുസരിച്ച് മാത്രമേ അഡ്വൈസ് മെമ്മോ നൽകൂ എന്ന നിബന്ധനയോടെയാണ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഇത്തവണ ഏഴ് ബെറ്റാലിയലുകളിലായി ലിസ്റ്റിൽ ആകെ 4725 പേരാണുള്ളത്. സപ്ലിമെന്ററി ലിസ്റ്റ് അടക്കം 6647 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ റാങ്ക്ലിസ്റ്റിൽ 13,000ത്തിലധികം പേർ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞദിവസം അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്നും ആകെ നടന്ന നിയമനം 4453 ആണ്. അതിന് ആനുപാതികമായ ലിസ്റ്റാണ് ഇത്തവണ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം
പുതിയത് ................................. റദ്ദായത്
കെ.എ.പി ഒന്ന് എറണാകുളം- 487 1203
കെ.എ.പി 2 തൃശൂർ 827 1913
കെ.എ.പി മൂന്ന് പത്തനംതിട്ട 596 1366
കെ.എ.പി 4 കാസർകോട് 685 1774
കെ.എ.പി 5 ഇടുക്കിയിലേക്ക് 494 1782
എം.എസ്.പി മലപ്പുറം 741 1902
എസ്.എ.പി തിരുവനന്തപുരം 895 1713
അസിസ്റ്റന്റ് സർജൻ ചുരുക്കപ്പട്ടിക :
ഭിന്നശേഷിക്കാർക്ക് അവഗണന
സുജിലാൽ.കെ.എസ്
തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മുന്നിൽക്കണ്ട് നടപ്പാക്കുന്ന ' പി.എസ്.സി ലിസ്റ്റ് വെട്ടിച്ചുരുക്കലിൽ ' ഭിന്നശേഷിക്കാരെ ബലിയാടാക്കിയതായി പരാതി. ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് പി.എസ്.സി പ്രസിദ്ധീകരിച്ച ഷോർട്ട് ലിസ്റ്റിൽ 1764 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. മുഖ്യപട്ടികയിൽ 889ഉം സപ്ലിമെന്ററിയിൽ 864 പേരും ഉൾപ്പെടുന്ന ലിസ്റ്റിലേക്ക് ആകെ 11ഭിന്നശേഷിക്കാരെയേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
ഭിന്നശേഷി വിഭാഗക്കാർക്ക് 3 ശതമാനം സംവരണം ഉണ്ടായിരുന്നപ്പോൾ 24 ഉദ്യോഗാർത്ഥികളെ കഴിഞ്ഞ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.അവർക്കെല്ലാം നിയമനവും ലഭിച്ചു. എന്നാൽ, ഭിന്നശേഷി സംവരണം 4 ശതമാനമാക്കിയിട്ടും ലിസ്റ്റിൽ ഉൾപ്പെട്ടത് വെറും 11 പേരാണ്.
ഇന്റർവ്യൂ നടത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ എണ്ണം ഇനിയും ചുരുങ്ങും.
കഴിഞ്ഞ റാങ്ക്ലിസ്റ്റിൽ നിന്നും 5,000ത്തിൽ പരവും അതിനു മുൻപ് 8,000ത്തിലധികവും ഉദ്യോഗാർത്ഥികളാണ് റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. അസിസ്റ്റന്റ് സർജൻ തസ്തികകയിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകൾ താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റ് അപര്യാപ്തമാണെന്നാണ് ആക്ഷേപം.
ഇതോടെ, വർഷങ്ങളായി ഈ തസ്തികയിലേക്ക് നിയമനത്തിനായി തയ്യാറെടുക്കുന്നതും ഇനി അവസരമില്ലാത്തതുമായ ഉദ്യോഗാർത്ഥികളുടെ സാദ്ധ്യതയും നഷ്ടപ്പെടും. മുൻവർഷങ്ങളിൽ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നവർക്കെല്ലാം നിയമനം ലഭിച്ചിട്ടും ഒഴിവുകൾ ബാക്കിയുണ്ടായിരുന്നു. പി.എസ്.സി നിയമനം ഒഴിവാക്കി എൻ.ആർ.എച്ച്.എം വഴി താത്കാലിക നിയമനം നടത്താനാണ് ഷോർട്ലിസ്റ്റ് ചുരുക്കിയതെന്നും ഇതിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്.
പട്ടിക വെട്ടിക്കുറച്ചതല്ല
പട്ടിക വെട്ടിക്കുറച്ചതല്ലെന്നും ഒഴിവുകൾക്ക് ആനുപാതികമായാണ് ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പി.എസ്.സി അറിയിച്ചു.