തിരുവനന്തപുരം: കാട്ടാക്കടയിൽ ജനപിന്തുണയുടെ കരുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലി. ഉച്ചയ്‌ക്ക് രണ്ടേമുക്കാലിന് തൃശ്ശൂരിൽ നിന്ന് പറന്നെത്തുന്ന മോദിക്കായി അഞ്ച് മണിക്കൂറാണ് ജനം കാത്തിരുന്നത്. രാവിലെ ഒമ്പത് മുതൽ ഗ്രൗണ്ടിലേക്ക് ജനമൊഴുകി. ഉച്ചയ്ക്ക് ഒന്നരയ്‌ക്ക് എത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീടത് 2.15ആക്കി.രണ്ടോടെ ഹെലികോപ്ടറിന്റെ ശബ്ദം കേട്ടുതുടങ്ങിയപ്പോൾ സദസ് മോദി വിളികളാൽ സജീവമായി.

വെള്ള മുണ്ടും കുർത്തയും തോളത്ത് തോർത്തുമായിരുന്നു വേഷം. ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി വി.മുരളീധരൻ വിഷുത്താലം നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ചു. പതിവിന് വിരുദ്ധമായി മുഖ്യമന്ത്രിയേയും സി.പി.എമ്മിനേയും കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. കേന്ദ്രത്തിനെതിരെ കേസ് നൽകിയതിനെയും പരിഹസിച്ചു. മലയാളത്തിൽ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി,പദ്മനാഭസ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് പറഞ്ഞു.

ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും അനു‌സ്‌മരിച്ചായിരുന്നു മോദി പ്രസംഗിച്ചത്. ഇടത്-വലത് സർക്കാരുകൾ കേരളത്തെ കൊള്ളയടിക്കുന്നു. വർക്കല,​നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളിൽ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു. പ്രകടനപത്രികയിൽ 70 വയസ് കഴിഞ്ഞവർക്ക് സൗജന്യചികിത്സയും തീരദേശവികസനവും സൗജന്യമായി കുടിവെള്ളം,വൈദ്യുതി എന്നിവ നൽകുന്നതും കേരളത്തിനും ഗുണപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദിയിലെ പ്രസംഗം സന്ദീപ് വചസ്‌പതിയാണ് പരിഭാഷപ്പെടുത്തിയത്.

വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണഗാനം നടി ശോഭന പ്രകാശനം ചെയ്‌തു. രാജീവ് ചന്ദ്രശേഖറിനെക്കുറിച്ച് ടി.പി.ശ്രീനിവാസൻ എഴുതിയ പുസ്‌തകത്തിന്റെ പ്രകാശനം ശോഭനയ്‌ക്ക് നൽകി ടി.പി.ശ്രീനിവാസൻ നിർവഹിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വേദിയിൽ സ്ഥാനാർത്ഥികളായ വി.മുരളീധരൻ,രാജീവ് ചന്ദ്രശേഖർ,ജി.കൃഷ്ണകുമാർ തുടങ്ങിയവരും നടി ശോഭന,​മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ,​എൻ.ഡി.എ.നേതാക്കളായ കുമ്മനം രാജശേഖരൻ,വി.വി. രാജേഷ്,വി.ടി.രമ,പി.കെ.കൃഷ്ണദാസ്, ആർ.സി.ബീന,വിഷ്ണുപുരം ചന്ദ്രശേഖരൻ,എസ് സുരേഷ്,പുഞ്ചക്കരി സുരേന്ദ്രൻ,പാലോട് സന്തോഷ്,ജയാരാജീവ്,ചെമ്പഴന്തി ഉദയൻ, വെങ്ങാനൂർ സതീഷ്,മാമ്പുറം ദിലീപ്,ജെ.ആർ.പദ്മകുമാർ,കരമന ജയൻ,മലയൻകീഴ് രാധാകൃഷ്ണൻ,മുളവന രതീഷ്,പരുത്തിപ്പള്ളി സുരേന്ദ്രൻ, കെ.എ.ബാഹുലേയൻ,ബാലമുരളി,ഇലകമൺ സതീഷ്,അരവിന്ദാക്ഷൻ നായർ,എസ്. രഞ്ചിത്ത്,സരസ്വതി അമ്മ,ബീനകുഞ്ഞി,സുനിൽ ബാബു,സി.ശിവൻകുട്ടി,അശോകൻ കുളനട,ശ്രീകല,തോട്ടക്കാട് ശശി,പുത്തൻപാലം ബിജു,ഗോപകുമാരൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.