തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.എഫ്.ബി നിർമ്മിക്കുന്ന രണ്ട് സ്മാർട്ട് റോഡുകൾ കൂടി ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു.കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡിന്റെ ആദ്യ റീച്ച്,തൈക്കാട് ഹൗസിന് കീഴെ തമ്പാനൂർ (എം.ജി രാധാകൃഷ്ണൻ റോഡ്) റോഡിന്റെ ആദ്യ റീച്ച് എന്നിവയാണ് തുറന്നത്. അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡ് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജുവാണ് തുറന്ന് നൽകിയത്.കൗൺസിലർ കൃഷ്ണകുമാർ,മുൻ കൗൺസിലർ എസ്.പുഷ്പലത,സി.പി.എം നേതാക്കളായ എസ്.പി.ദീപക്,ജയിൽ കുമാർ,ചാല സുന്ദർ ഉൾപ്പെടെ പങ്കെടുത്തു.രണ്ടാമത്തെ റോഡ് ജനങ്ങളും വ്യാപാരികളും ചേർന്ന് തുറന്നു.
നിർമ്മാണം പൂർത്തിയാകുന്നതോടെ വൈദ്യുത,ടെലിഫോൺ,ഇന്റർനെറ്റ്,സ്വകാര്യ കേബിൾ ലൈനുകളെല്ലാം റോഡിന് അടിയിലാകും.കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല.ഇവയെല്ലാം പ്രത്യേകം സ്ഥാപിക്കുന്ന ഡക്ടുകളിലൂടെയാകും കടന്നുപോവുക.ഡക്ടിലൂടെ കേബിളുകളെല്ലാം കടത്തിവിട്ടു. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാനായി പ്രത്യേക ചേംബറുകളും നിർമ്മിക്കുകയാണ്.
10 സ്മാർട്ട് റോഡുകളിൽ ഉൾപ്പെടുന്ന സ്‌പെൻസർ ജംഗ്ഷൻ – എ.കെ.ജി സെന്റർ,സ്റ്റാച്യു – ജനറൽ ഹോസ്പിറ്റൽ,നോർക്ക – ഗാന്ധിഭവൻ,ആൽത്തറ തൈക്കാട് റോഡിൽ മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെയുള്ള റീച്ച്,നോർക്ക മുതൽ വനിതാ കോളേജ് വരെയുള്ള റീച്ച് എന്നിവയാണ് ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കി ഇതുവരെ തുറന്നു നൽകിയ സ്മാർട്ട് റോഡുകൾ.
ആകെ 12 സ്മാർട്ട് റോഡാണ് തലസ്ഥാനത്ത് നിർമ്മിക്കുന്നത്.ഇതിൽ മാനവീയം വീഥിയും കലാഭവൻ മണി റോഡും കഴിഞ്ഞവർഷം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചിരുന്നു.വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്.ഓരോ റോഡിനും പ്രത്യേകം പ്രത്യേകം കരാർ നൽകിയാണ് പ്രവൃത്തി പുനരാരംഭിച്ചത്.