തിരുവനന്തപുരം: ഡാവിഞ്ചി ഉൾപ്പെടെ ഇതിഹാസതുല്യരായ ചിത്രകാരന്മാരുടെ സൃഷ്ടികൾ പുനരാവിഷ്കരിച്ച് ടോമിന മേരി ജോസ് എന്ന ചിത്രകാരി. സ്റ്റഡി ഒഫ് ഗ്രേറ്റ് ആർട്ടിസ്റ്റ് എന്ന പേരിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഇന്നലെ ആരംഭിച്ച പ്രദർശനത്തിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആസ്വാദക മനസ് കീഴടക്കുന്നവയാണ്.ഡാവിഞ്ചിയുടെ മൊണാലിസ,വെർജിൻ ഓഫ് ദ റോക്ക് , റഫേലിന്റെ ബ്രിഡ്ജ് വാട്ടർ മെഡോണ,റംബ്രന്റിന്റെ ബാത്തിംഗ് ലേഡി,ബോട്ടിസെല്ലിയുടെ മെഡോണ,ഡാവിഞ്ചി വരച്ച സാൽവേറ്റർ മുണ്ടി ( യേശുക്രിസ്തു)​,ഗുസ്തവ് ക്ലിംന്റിന്റെ മൊണാലിസ ഒഫ് ഓസ്ട്രിയ, ബോഗറിന്റെ സോംഗ് ഒഫ് ദ ഏയ്ഞ്ചൽ എന്നിവ തനിമ ചോരാതെ ടോമിന പുനരാവിഷ്കരിച്ച ചിത്രങ്ങളാണ്.നിറങ്ങളുടെ തിരഞ്ഞെടുപ്പ്, ജീവൻ നഷ്ടപ്പെടാത്ത തരത്തിലുള്ള ​ പകർത്തിയെഴുത്ത് എന്നീ ഘടകങ്ങളാണ് ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ഇരുപത്തിയഞ്ച് വർഷമായി ചിത്രകലാരംഗത്ത് സജീവമായ ടോമിന ആർട്ടിസ്റ്റ് ബി.ഡി.ദത്തന്റെ നേതൃത്വത്തിലുള്ള ചിത്രകലാ കൂട്ടായ്‌മയായ ദത്തത്തിൽ അംഗമാണ്.ചിത്രകാരൻ ബി.ഡി ദത്തൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു.

ചിത്രകലാ നിരൂപകനായ സി.ഇ സുനിൽ ആശംസയർപ്പിച്ചു. പ്രദർശനം 24 ന് സമാപിക്കും.