
തിരുവനന്തപുരം: കോൺഗ്രസിന് രാഷ്ട്രീയ വ്യക്തതയില്ലാത്തതിനാലാണ് വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ജയവും തോൽവിയുമല്ല, രാഷ്ട്രീയത്തിൽ നിലപാടാണ് പ്രധാനമെന്നും
.കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ രാജ.പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഭാഗമാണ് സി.പി.ഐ. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുത് തെറ്റായ സന്ദേശമാവില്ലേയെന്ന് അദ്ദേഹത്തോട് ചോദിച്ചതാണ്. എന്നാൽ രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയാവുന്നതാണ് പിന്നീട് കണ്ടത്. ഈ നിലപാട് ബി.ജെ.പിയെ സഹായിക്കാനേ ഉപകരിക്കൂ.ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം നടപ്പാക്കുന്നതിനെ സി.പി.ഐ എതിർക്കും. ബി.ജെ.പി -ആർ.എസ്.എസ് സഖ്യത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. അതിനാൽ പാർലമെന്റിൽ ഇടതുപക്ഷം കൂടുതൽ ശക്തമാവേണ്ടതുണ്ട്..
രാജ്യത്ത് ബി.ജെ.പി രാജ് അവസാനിപ്പിക്കാനുള്ള നിർണ്ണായക തിരഞ്ഞെടുപ്പാണിത്. ഏകാധിപത്യ സർക്കാരാണ് അധികാരത്തിലുള്ളത്. ഭരണം മാത്രം നടക്കുന്നില്ല. ഭരണഘടന മാറ്റുമെന്നാണ് ചില ബി.ജെ.പി നേതാക്കൾ പറയുന്നത്. അവരെ എന്തുകൊണ്ട് മോദി തിരുത്തുന്നില്ല.. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി തന്ത്രം. ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കി , ഇന്ത്യയെ ജനാധിപത്യ റിപ്പബ്ളിക്കായി നിലനിറുത്തേണ്ടുതണ്ടെന്നും രാജ പറഞ്ഞു.