തിരുവനന്തപുരം: കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന് പിന്നാലെ പ്രാവച്ചമ്പലത്തെ അശാസ്ത്രീയമായ റോഡ് നിർമ്മാണവും സിഗ്നൽ സംവിധാനത്തിലെ പിഴവുകളും പ്രാവച്ചമ്പലം - നേമം ഭാഗത്തെ അപകടത്തുരുത്താക്കുന്നു.ഏറ്റവും ഒടുവിൽ വിഷുദിനത്തിൽ ക്ഷേത്രദർശനത്തിന് പോയ വീട്ടമ്മ ഇവിടെ കാറിടിച്ചു മരിച്ചിരുന്നു.റോഡ് മുറിച്ചുകടക്കവെ വൃദ്ധൻ വാഹനമിടിച്ചു മരിച്ചതും മാസങ്ങൾക്ക് മുമ്പാണ്.അഞ്ച് മാസത്തിനിടെ ആറുപേരാണ് ഈ ഭാഗത്ത് വാഹനാപകടങ്ങളിൽ മരിച്ചത്.പരിക്കേറ്റവരും ഏറെയാണ്.
 കെണിയൊരുക്കി ട്രാഫിക് സിഗ്നൽ
ബാലരാമപുരം ഭാഗത്ത് നിന്നുള്ള വാഹനങ്ങളും മലയിൻകീഴ് ഭാഗത്ത് നിന്നുള്ള വാഹനങ്ങളും നേരിട്ട് നേമം ഭാഗത്തേക്ക് കടക്കുന്ന രീതിയിലാണ് ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. ദേശീയപാതാ വികസനത്തിന് തയ്യാറാക്കിയ ആദ്യരൂപ രേഖയിൽ ഊരുട്ടമ്പലം റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് ബി.എസ്.എൻ.എൽ ജംഗ്ഷനിൽ യൂ ടേൺ എടുത്ത് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രീതിയിലായിരുന്നു തയ്യാറാക്കിയിരുന്നത്.എന്നാൽ യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് ഊരുട്ടമ്പലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രീതിയിൽ ട്രാഫിക് സംവിധാനത്തിൽ മാറ്റം വരുത്തിയപ്പോൾ കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സിഗ്നൽ ഇല്ലാതായി.ഇതോടെ രണ്ടു റോഡുകളിലും നിന്നുള്ള വാഹനങ്ങൾ നേമത്തെ അടുത്ത സിഗ്നൽ വരെ ചീറിപ്പായും.ഇതിനിടെ റോഡ് മുറിച്ചുകടക്കുന്നവരാണ് അപകടത്തിൽപെടുന്നത്.നേമം റെയിൽവേ ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഊരുട്ടമ്പലം റോഡിലുള്ള പ്രധാന കവാടത്തിൽ നിന്ന് ദേശീയപാതയിലേയ്ക്കുള്ള വാഹനങ്ങളുടെ എണ്ണം വീണ്ടും കൂടുമെന്നത് അപകടസാദ്ധ്യത ഇരട്ടിയാക്കും.
പ്രക്ഷോഭത്തിന് 'ഫ്രാൻസ്'
ബി.എസ്.എൻ.എൽ ജംഗ്ഷനിലുള്ള യു - ടേൺ വളരെ കുറച്ച് യാത്രക്കാർ മാത്രമേ ഉപയോഗിക്കുന്നുവെന്ന് 'ഫ്രാൻസ്' ഭാരവാഹികൾ പറഞ്ഞു. അതിനാൽ യൂ ടേൺ അടയ്ക്കുകയും ബാലരാമപുരം, പള്ളിച്ചൽ ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങളുടെ പ്രാവച്ചമ്പലത്തെ സിഗ്നൽ സമയത്തിൽ മാറ്റംവരുത്തി യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം ഒരുക്കണം. ഇല്ലെങ്കിൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങൾ നടത്തുമെന്നും 'ഫ്രാൻസ്' പ്രസിഡന്റ് മണ്ണാങ്കൽ രാമചന്ദ്രനും ജനറൽ സെക്രട്ടറി ആർ.വിജയൻ നായരും പറഞ്ഞു.