
ബോക്സ് ഒാഫീസിൽ ആവേശം തീർക്കുകയാണ് ഫഹദ് ഫാസിലിന്റെ ആവേശം. റിലീസ് ചെയ്ത അഞ്ചാം ദിവസം പിന്നിടുമ്പോൾ ചിത്രം 50 കോടി ക്ലബ് കയറി. ആദ്യ ദിവസം കേരളത്തിൽ നിന്ന് 3.5 കോടി വാരിയപ്പോൾ ആഗോള കളക്‌ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. ഞായറാഴ്ച മാത്രം ആഗോള കളക്‌ഷൻ 11 കോടി ആണ്. തമിഴ്നാട്ടിലും ഗംഭീര കളക്‌ഷൻ. ചിത്രം 100 കോടി ക്ലബ് കയറുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ ഫഹദിന്റെ ആദ്യ 100 കോടി ചിത്രമായി ആവേശം മാറും. രോമാഞ്ചത്തിനുശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാംഗ്ലൂരിലെ അധോലോക നായകൻ രംഗൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.
കോളേജ് പിള്ളേരും അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രത്തിൽ മൻസൂർ അലിഖാൻ , ആശിഷ് വിദ്യാർത്ഥി , സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സറ്റർ, മിഥുൻ ജെ.എസ്, മിഥുൻ സുരേഷ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അൻവർ റഷീദ് എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസിമും ചേർന്നാണ് നിർമ്മാണം.