ആറ്റിങ്ങൽ: വേനൽ കടുക്കുന്തോറും ചൂടിൽ വെന്തുരുകുകയാണ് ജനം. പുൽനാമ്പുവരെ കരിഞ്ഞുണങ്ങി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് താപനിലയിൽ വർദ്ധനവുണ്ടെന്നാണ് കണക്ക്. ചൂടുകൂടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രദേശത്ത് സൂര്യതാപത്തിനും സൂര്യാഘാതത്തിനും സാദ്ധ്യതയുള്ളതായി ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേനൽമഴ വല്ലപ്പോഴും ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും ചൂടിന് ശമനമുണ്ടാകുന്നില്ല. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം സൂര്യതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

 സൂക്ഷിക്കാം സൂര്യാഘാതത്തെ

ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിന്റെ എണ്ണവും ഏറുകയാണ്. ആറ്റിങ്ങൽ മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇരുപതോളം പേർക്ക് സൂര്യാഘാതം ഏറ്റതായി റിപ്പോർട്ടുണ്ട്. കുട്ടികളിലാണ് ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. ആർക്കും സൂര്യാഘാതം ഗുരുതരമായിരുന്നില്ലെന്നും പ്രഥമിക ശിശ്രൂഷ നൽകി വിട്ടയച്ചെന്നും വലിയകുന്ന് താലൂക്കാശുപത്രി അധികൃതർ പറഞ്ഞു. കൈകളിലും കഴുത്തിലും മുഖത്തും ചൂടെറ്റ് ചുവന്ന തരത്തിലായിരുന്നു. സൂര്യാഘാതം ഏറ്റ സ്ഥലങ്ങളിൽ ക്രീമുകളും ഓയിൽമെന്റും പുരട്ടിയാൽ ആശ്വാസമാകും.

നിലവിൽ റിപ്പോർട്ട് ചെയ്തതത്

20ഓളം സൂര്യാഘാതങ്ങൾ

 നിർദ്ദേശങ്ങൾ ഇങ്ങനെ

# രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

# പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

# നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

# അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

# വീടിന് പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട, തൊപ്പി, എന്നിവ ഉപയോഗിക്കുക

# പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക

# കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്നവർ നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

# കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ ഭിന്നശേഷിക്കാർ. മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർക്ക് പ്രത്യേക ശ്രദ്ധവേണം

# യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുക.

#ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നത് ഒഴിവാക്കുക.