hi

കല്ലറ: രാജ്യം ഭരിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ തല്ലിത്തകർക്കുന്ന സർക്കാരാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കല്ലറയിൽ വി.ജോയിയുടെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ചിത്രത്തിലെങ്ങുമില്ലാത്ത ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാർ ഭരണഘടനയുടെ നെടുംതൂണുകളെ തകർക്കുകയാണെന്നും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളെ തകർത്ത് ഹിന്ദുരാഷ്ട്ര അജൻഡ മുന്നോട്ടുവയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുമ്പായി രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച് പ്രതിപക്ഷത്തെ തകർക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടാണ് മോദി സ്വീകരിക്കുന്നതെന്നും രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവൻ വിറ്റഴിച്ച് കോർപ്പറേറ്റുകളെ സഹായിക്കുകയാണെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. പ്രസംഗം കെ.വി.സുധാകരനാണ് പരിഭാഷപ്പെടുത്തിയത്.

യോഗത്തിൽ എ.എം.റൈസ് അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.മുരളി എം.എൽ.എ സ്വാഗതം പറഞ്ഞു. ആനാവൂർ നാഗപ്പൻ, ജയൻബാബു, കോലിയക്കോട് കൃഷ്‌ണൻ നായർ,ആട്ടുകാൽ അജി,പി.എസ്.ഷൗക്കത്ത്,തമ്പാനൂർ രാജീവ്,വി.ടി.പോളി,പോത്തൻകോട് വിജയൻ, നജീബ്,വെമ്പായം നസീർ,കെ.എസ്.ബാബു,വി.കെ.മധു,എം.ജി മീനാംബിക,പുല്ലമ്പാറ ദിലീപ്,ഇ.എസ്.സലിം എന്നിവർ പങ്കെടുത്തു.