തിരുവനന്തപുരം: കിള്ളിപ്പാലത്ത് തന്നെ കാത്തുനിന്ന പ്രവർത്തകരുടെ അടുത്തേക്ക് കോൺഗ്രസിന്റെ ഇപ്പോഴത്തെ 'ക്രൈസിസ് മാനേജർ' കൂടിയായ ദൊഡ്ഡാലഹള്ളി കെംപഗൗഡ ശിവകുമാറെന്ന ഡി.കെ. ശിവകുമാർ വന്നിറങ്ങിയപ്പോൾ വാനോളം ആവേശം.
വാഹനത്തിൽ നിന്ന് സൺഗ്ലാസ് ധരിച്ച് അദ്ദേഹമിറങ്ങിയതോടെ വെയിലിനെ കൂസാതെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യങ്ങളുടെ പ്രകമ്പനം സൃഷ്ടിച്ചു. ''നട്ടെല്ലുള്ളൊരു നേതാവെ,ഡി.കെ.ശിവകുമാർ നേതാവേ, നിങ്ങൾക്കായിരമഭിവാദ്യങ്ങൾ''. ആവേശത്തോടെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കിടയിലൂടെ സ്ഥാനാർത്ഥി ഡോ.ശശി തരൂർ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,വി.എസ്.ശിവകുമാർ,എൻ.ശക്തൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം.വിൻസെന്റ് എം.എൽ.എ എന്നിവർ നിന്ന തുറന്ന വാഹനത്തിലേക്ക് അദ്ദേഹം കയറി. പിന്നീട് എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്‌തു.
ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ചായിരുന്നു ശിവകുമാറിന്റെ ഉദ്ഘാടന പ്രസംഗം. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിനും കർണാടകത്തിനും എന്ത് സംഭാവനയാണ് നൽകിയതെന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. മലയാളിയും ബിസിനസുകാരനുമായ രാജീവ് ചന്ദ്രശേഖറിന് കേരളത്തിനായി ഒരു കല്ലുപോലും ഇടാൻ കഴിഞ്ഞില്ല. തരൂരിന്റെ വിജയം ബി.ജെ.പി പോലും സമ്മതിച്ചുകഴിഞ്ഞതാണ്. ഇവിടെ തരൂരിനെ തോല്പിക്കാനാകില്ലെന്ന ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഒ.രാജഗോപാലിന്റെ പ്രസ്താവന ചേർത്ത് വായിക്കണമെന്നുകൂടി അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞതോടെ 'ഇന്ത്യ ജയിക്കും നമ്മൾ ഭരിക്കുമെന്ന' മുദ്രാവാക്യവുമായി തരൂരിന്റെ റോഡ് ഷോ ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ നൂറുകണക്കിന് ബൈക്കുകളിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ അണിനിരന്നു. കുറച്ചുസമയം സ്ഥാനാർത്ഥിക്കൊപ്പം ഡി.കെ വാഹനത്തിൽ സഞ്ചരിച്ചു. പിന്നീട് പത്രസമ്മേളനത്തിനായി കെ.പി.സി.സിയിലേക്ക്. അവിടെയുണ്ടായിരുന്ന പ്രചാരണസമിതി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.