
വർക്കല: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ പര്യടനവും പൊതുയോഗങ്ങളുമൊക്കെയായി പ്രചാരണം കൊഴുക്കുന്നു.ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കച്ചമുറുക്കി സ്ഥാനാർത്ഥികളും മുന്നണികളും പ്രചാരണത്തിരക്കിലാണ്.വൻ ജനപങ്കാളിത്തമാണ് ഓരോ മുന്നണികളുടെയും പര്യടനങ്ങളിൽ കാണാൻ കഴിയുന്നത്.ആറ്റിങ്ങൽ മണ്ഡലത്തിലായിരുന്നു വി.ജോയിയുടെ ഇന്നലത്തെ പര്യടനം. പുളിമാത്ത് പഞ്ചായത്തിലെ കടമുക്കിൽ നിന്നാരംഭിച്ച പര്യടനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.പുളിമാത്ത്,കാരേറ്റ്,പുല്ലയിൽ ആൽത്തറ,പന്തുവിള,നഗരൂർ,വഞ്ചിയൂർ,പുതുശ്ശേരിമുക്ക്,കടുവയിൽ,ആലംകോട്,കൊല്ലമ്പുഴ,മൂന്നുമുക്ക് തുടങ്ങി അറുപതോളം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി രാത്രിയോടെ ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ പര്യടനം സമാപിച്ചു.
ആറ്റിങ്ങൽ മണ്ഡലത്തിലെ കല്ലറ,കരകുളം,ആര്യനാട് എന്നിവിടങ്ങളിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പങ്കെടുത്തു.അരുവിക്കര നിയോജക മണ്ഡലത്തിലാണ് വി.ജോയിയുടെ ഇന്നത്തെ പര്യടനം.കുറ്റിച്ചൽ തേവൻകോട് നിന്നാരംഭിക്കുന്ന പര്യടനം രാവിലെ 8ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും .
കാട്ടാക്കടയിലായിരുന്നു അടൂർ പ്രകാശിന്റെ ഇന്നലത്തെ പര്യടനം.രാവിലെ പ്രാവച്ചമ്പലത്തിൽ നിന്ന് ആരംഭിച്ച പര്യടനം വർക്കല കഹാർ ഉദഘാടനം ചെയ്തു.വെടിവെച്ചാൻ കോവിൽ,ഊരൂട്ടമ്പലം,മാറനെല്ലൂർ,അരുമാളൂർ,ആമച്ചൽ,കിള്ളി തുടങ്ങി 70 ഓളം കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വീകരണമൊരുക്കി.പൂച്ചെണ്ടുകളും കാർഷികവിളകളും നൽകിയാണ് അടൂർപ്രകാശിനെ വരവേറ്റത്.രാത്രിയോടെ കാട്ടാക്കടയിൽ പര്യടനം സമാപിച്ചു.
പോത്തൻകോട് പള്ളിപ്പുറത്തു നിന്നാണ് കഴിഞ്ഞദിവസം വി.മുരളീധരൻ പര്യടനമാരംഭിച്ചത്.പോത്തൻകോട്,അണ്ടൂർക്കോണം പഞ്ചായത്തുകളിലായി വിവിധയിടങ്ങളിൽ നടന്ന പര്യടനം ഉച്ചയോടെ പ്ലാമൂട്ടിൽ സമാപിച്ചു. കണിയാപുരത്തെയും പോത്തൻകോട് ജംഗ്ഷനിലെയും ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് വി.മുരളീധരൻ വോട്ടർമാർക്ക് ഉറപ്പുനൽകി.അണ്ടൂർക്കോണം പഞ്ചായത്തിലെ അപ്പോളോ ശ്രീപാദം കോളനി നിവാസികളും അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള വിഷയങ്ങൾ സ്ഥാനാർത്ഥിയെ ധരിപ്പിച്ചു.
വാമനപുരം മണ്ഡലത്തിൽ നെല്ലനാട്,പുല്ലമ്പാറ,വാമനപുരം ഗ്രാമപഞ്ചായത്തുകളിലും പര്യടനം നടത്തി.പച്ചക്കറികൾ കൊണ്ടുള്ള കിരീടം ധരിപ്പിച്ചും താമരപ്പൂക്കൾ നൽകിയും പ്രവർത്തകർ വി.മുരളീധരനെ സ്വീകരിച്ചു.രാത്രിയോടെ വെഞ്ഞാറമൂട്ടിൽ പര്യടനം സമാപിച്ചു.