
ആര്യനാട്: ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം പൊളിറ്ര് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ അരുവിക്കര മണ്ഡലത്തിലെ റാലിയും പൊതു സമ്മേളനവും ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരവിന്ദ് കേജ്‌രിവാളിനെയും ഹേമന്ദ് സോറനെയും അകാരണമായി അറസ്റ്റുചെയ്‌ത് ജയിലലടച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയും അർഹതപ്പെട്ട വിഹിതം പോലും നൽകാതെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഒന്നും ചെയ്യാൻ കഴിയാത്ത കോൺഗ്രസിന് പകരം കേരളത്തിൽ നിന്ന് കൂടുതൽ എൽ.ഡി.എഫ് എം.പിമാരെ വിജയിപ്പിക്കണം. കോൺഗ്രസ് ഹിന്ദു പ്രത്യയ ശാസ്ത്രത്തെ അനുകൂലിക്കുകയാണെന്നും പൗരത്വബില്ലിനെതിരെ സംസാരിക്കാൻ പോലും കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.
യോഗത്തിൽ വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. എ.എ.റഹിം,ജി.സ്റ്റീഫൻ,കെ.എസ്.സുനിൽകുമാർ,ഉഴമലയ്ക്കൽ വേണുഗോപാൽ, ഷൗക്കത്തലി,എം.എസ്.റഷീദ്,ഈഞ്ചപ്പുരി സന്തു,ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.