
നെടുമങ്ങാട്: നേർക്കുനേർ രാഷ്ട്രീയം പറഞ്ഞും വികസന ചർച്ചകളിൽ തീ പാറിച്ചും ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പ് പോര് അവസാന ലാപ്പിലേക്ക്.വീട്ടുമുറ്റക്കൂട്ടായ്മകളും കുടുംബയോഗങ്ങളും കവല യോഗങ്ങളുമായി എൽ.ഡി.എഫ് കലാശക്കൊട്ടിന് സജ്ജമാവുമ്പോൾ,ശക്തമായ അടിയൊഴുക്കിന് വഴിയൊരുക്കി വിജയം ആവർത്തിക്കാൻ യു.ഡി.എഫും അട്ടിമറി സൃഷ്ടിക്കാൻ ബി.ജെ.പി - എൻ.ഡി.എ സഖ്യവും കരുക്കൾ നീക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടാക്കടയിൽ പ്രചാരണത്തിന് ഇറങ്ങിയതിന് പിറകെ സി.പി.എം നേതാവ് പ്രകാശ് കാരാട്ട് മണ്ഡലത്തിൽ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.ഇടത് സ്ഥാനാർത്ഥി വി.ജോയി ഇന്നലെ പുളിമാത്ത്,നഗരൂർ,കരവാരം, ആറ്റിങ്ങൽ നഗരസഭ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്.കടമുക്കിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു.രാത്രി കിഴക്കേനാലുമുക്കിൽ സമാപിച്ചു.ബി.സത്യൻ,സി.എസ്.ജയചന്ദ്രൻ എന്നിവർ അനുഗമിച്ചു.വാമനപുരം നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളടങ്ങിയ തിരഞ്ഞെടുപ്പ് പത്രിക വി.ജോയി ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ.മനോജനിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ,സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ.സലിം തുടങ്ങിയവർ പങ്കെടുത്തു.പര്യടനം ഇന്ന് രാവിലെ അരുവിക്കര മണ്ഡലത്തിലെ തേവൻകോട് ആരംഭിച്ച് വെള്ളനാട് സമാപിക്കും.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെയുള്ള മറുപടിയായി ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കാണുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് കലാശക്കൊട്ടിലേക്ക് ചുവടുവയ്ക്കുന്നത്. ഇന്നലെ കാട്ടാക്കടയിലെ പര്യടന പരിപാടി വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.രാവിലെ പ്രാവച്ചമ്പലത്തിൽ ആരംഭിച്ച പര്യടനം വെടിവെച്ചാൻകോവിൽ,ഊരൂട്ടമ്പലം,മാറനെല്ലൂർ,അരുമാളൂർ,ആമച്ചൽ,കിള്ളി എന്നിവിടങ്ങളിലൂടെ രാത്രി കാട്ടാക്കടയിൽ അവസാനിച്ചു. പൂച്ചെണ്ടുകളും പുഷ്പഹാരങ്ങളും സമ്മാനിച്ചാണ് അടൂരിനെ നാട്ടുകാർ എതിരേറ്റത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ ജി.ശശിധരൻ നായർ,പേയാട് ശശി,സി.വേണു,മലവിള ബൈജു,എം.എ.കരിം,ആർ.വി.രാജേഷ് , മലയിൻകീഴ് വേണുഗോപാൽ, വണ്ടന്നൂർ സന്തോഷ്, മുത്തുകൃഷ്ണൻ, എം.ആർ ബൈജു എന്നിവർ പങ്കെടുത്തു.ഇന്ന് അരുവിക്കരയിലാണ് പര്യടനം.കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി - എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരന്റെ വാഹന പര്യടനത്തിന് പോത്തൻകോട്,വാമനപുരം മണ്ഡലങ്ങളിൽ വൻ വരവേല്പ്.പള്ളിപ്പുറത്ത് നിന്ന് ആരംഭിച്ച പര്യടനം പോത്തൻകോട്,അണ്ടൂർക്കോണം പഞ്ചായത്തുകളിലായി 25 കേന്ദ്രങ്ങൾ സന്ദർശിച്ച് പ്ലാമൂട് അവസാനിച്ചു.കണിയാപുരത്തെയും പോത്തൻകോട് ജംഗ്ഷനിലെയും ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി വോട്ടർമാർക്ക് ഉറപ്പ് നൽകി. അണ്ടൂർക്കോണം അപ്പോളോ ശ്രീപാദം കോളനി നിവാസികൾ അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള വിഷയങ്ങൾ മുരളീധരനെ ധരിപ്പിച്ചു.ഉച്ചകഴിഞ്ഞ് വാമനപുരം മണ്ഡലത്തിലെ നെല്ലനാട്,പുല്ലമ്പാറ,വാമനപുരം പഞ്ചായത്തുകളിലായിരുന്നു പര്യടനം.പച്ചക്കറി വിഭവങ്ങൾ കൊണ്ടുള്ള കിരീടം ധരിപ്പിച്ചും താമരപ്പൂക്കൾ നൽകിയും പ്രദേശവാസികൾ സ്വീകരണമൊരുക്കി.രാത്രി വെഞ്ഞാറമൂട്ടിൽ റോഡ് ഷോയുടെ അകമ്പടിയോടെ പര്യടനം അവസാനിച്ചു.ഇന്ന് പര്യടനം തുടരും.