
മുടപുരം: 23-ാം വയസിൽ തന്റെ കന്നിയങ്കത്തിൽ ജില്ലയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടി ഐ.എ.എസ് കൈപ്പിടിയിലൊതുക്കിയ കസ്തൂരി ഷാ തലസ്ഥാനത്തിന്റെ അഭിമാനമായി.ചിറയിൻകീഴ് കൂന്തള്ളൂർ ഉടയപറമ്പ് വീട്ടിൽ കസ്തൂരി ഷാ കഠിന പരിശ്രമത്തിലൂടെയാണ് സിവിൽ സർവീസിന്റെ പടികയറിയത്.ജില്ലയിലെ ഉയർന്ന 68 -ാം റാങ്ക് ആദ്യ പരിശ്രമത്തിലൂടെ നേടിയപ്പോൾ കസ്‌തൂരിക്കിത് ഇരട്ടി മധുരം.പ്ലസ്ടുവിനും ബിരുദത്തിനും ഒന്നാം റാങ്കോടെ വിജയിച്ച കസ്തൂരി മൂന്ന് പുസ്തകങ്ങളുടെ കർത്താവ് കൂടിയാണ്.
ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട.പ്രിൻസിപ്പൽ എം.എം.ഷാഫിയുടെയും കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.എം.ജെ.ഷീബയുടെയും മകളാണ്.അലൻ ഫെൽഡ് പബ്ലിക് സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച കസ്തൂരി,സരസ്വതി വിദ്യാലയത്തിൽ നിന്ന് പ്ലസ്ടുവിന് ഹ്യൂമാനിറ്റിക്‌സിൽ ഒന്നാം റാങ്കും,മാർ ഇവാനിയോസ് കോളേജിൽ ബി.എ ഇംഗ്ലീഷിന് ഒന്നാം റാങ്കും നേടി.സോഷ്യോളജി ഐച്ഛിക വിഷയമെടുത്താണ് സിവിൽ സർവീസ് എഴുതിയത്.കസ്തൂരിയുടെ അനുജൻ അക്ബർഷാ കരുനാഗപ്പള്ളി അമൃതാനന്ദമയി എൻജിനിയറിംഗ് കോളേജിൽ ബി.ടെക് അവസാന വർഷ വിദ്യാർത്ഥിയാണ്.വായനയും എഴുത്തും ഏറെ ഇഷ്ടപ്പെടുന്ന കസ്തൂരി കൂടുതലും എഴുതുന്നത് ഇംഗ്ലീഷ് കവിതകളും കഥകളുമാണ്.