തിരുവനന്തപുരം: പൂവാറിൽ നിന്ന് മണലിവിള വഴി തമ്പാനൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് മുടങ്ങിയതോടെ പ്രദേശവാസികൾ ദുരിതത്തിൽ.ഇതുവഴി ആകെയുള്ള രണ്ട് ബസുകൾ അവധി ദിവസങ്ങളിൽ സർവീസ് നടത്താതായതാണ് യാത്രക്കാരെ വലയ്ക്കുന്നത്.രാവിലെ 6.10നും 6.30നുമാണ് മണലിവിള - തിരുവനന്തപുരം സർവീസുകളുള്ളത്.ഇവ സർക്കുലറായാണ് പോവുക.രാത്രി 8.15നാണ് തമ്പാനൂരിൽ നിന്ന് മണലിവിള വഴി അവസാന സർവീസ്. ദീർഘനാളായി ബസുകൾ അവധി ദിവസങ്ങളിൽ സർവീസ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ല.അതേസമയം,പൂവാർ നിന്ന് കാഞ്ഞിരംകുളം വഴി തമ്പാനൂരിലേക്കുള്ള ബസ് എല്ലാ ദിവസവും കൃത്യമായി സർവീസ് നടത്തുന്നുണ്ട്.
മണലിവിള,ഓലത്താന്നി,കൊടങ്ങാവിള,കമുകിൻകോട്,അവണാകുഴി എന്നീ പ്രദേശത്തുള്ളവർക്ക് നഗരത്തിലെത്താനുള്ള ഏക ആശ്രയമാണ് ഈ ബസ് സർവീസ്.ബസില്ലാത്തപ്പോൾ നെയ്യാറ്റിൻകര റൂട്ടിലുള്ള ബസിൽ കയറി മൂന്നുകല്ലുമ്മൂട്, അവണാകുഴി,കാഞ്ഞിരംകുളം,വഴിമുക്ക് എന്നിവിടങ്ങളിൽ ഇറങ്ങി അവിടെനിന്ന് വേണം തിരുവനന്തപുരത്തേക്ക് പോകാൻ.ഈ യാത്ര ദുഷ്കരമാണെന്ന് നാട്ടുകാർ പറയുന്നു.
വരുമാനം കുറവെന്ന്
അവധി ദിവസങ്ങളിൽ വരുമാനം കുറവയതിനാലാണ് സർവീസ് നടത്താത്തതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിച്ചു.കിലോമീറ്ററിന് 28 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ സർവീസ് നടത്താനാകൂവെന്നാണ് അധികൃതരുടെ നിലപാട്.
സമയംതെറ്റി നെയ്യാറ്റിൻകര ഡിപ്പോയും
അടിമലത്തുറ - കാഞ്ഞിരംകുളം - നെയ്യാറ്റിൻകര ബസുകൾ അവധി ദിവസങ്ങളിൽ കൃത്യസമയം പാലിക്കാറില്ല. അതിനാൽ പലപ്പോഴും രണ്ട് ബസുകൾ ഒരേസമയത്ത് സർവീസ് നടത്തുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു.മണിക്കൂറോളം ബസിനായി കാത്തുനിൽക്കേണ്ട സ്ഥിതിയുമാണ്.