തെരുവ് നായ ശല്യവും രൂക്ഷം

മലയിൻകീഴ്: കാട്ടാക്കട - തിരുവനന്തപുരം റോഡിലും പഞ്ചായത്ത് - ബണ്ട് റോഡുകളിലും മാലിന്യനിക്ഷേപം വ്യാപകമാകുന്നു.ആളൊഴിഞ്ഞ ഇടങ്ങളിലെല്ലാം മാലിന്യം തള്ളിയിട്ടുണ്ട്.അന്തിയൂർക്കോണം - മൂങ്ങോട് റോഡ് മാലിന്യ നിക്ഷേപകേന്ദ്രമെന്നാണ് അറിയപ്പെടുന്നത്. മാലിന്യം പരിസരപ്രദേശത്താകെ ദുർഗന്ധം പരത്തുന്നതിനാൽ വീടുകളിൽ പോലും ഇരിക്കാൻ പറ്റുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അടുത്തിടെ ടാറിംഗ് നടത്തി നവീകരിച്ച കുഴയ്ക്കാട് - അണപ്പാട് ബണ്ട് റോഡിൽ മാലിന്യനിക്ഷേപം വീണ്ടും വർദ്ധിച്ചിട്ടുണ്ട്.ഈ ബണ്ട് റോഡ് പ്രദേശവാസികൾക്കും കുഴയ്ക്കാട് ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്കും ഏറെ പ്രയോജനപ്പെടുന്നുണ്ട്. ബണ്ട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം കൊണ്ടിടുന്നതിനാൽ ഇതുവഴി പോകുന്നവർ മൂക്ക് പൊത്തേണ്ട സ്ഥിതിയാണ്.

ചാക്കുകളിലാക്കി കൊണ്ട് ഇടുന്ന അറവുമാലിന്യങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്.
റോഡിന് ഇരുവശത്തുമായി മാലിന്യ പൊതികളും കോഴിത്തലയും അവശിഷ്ടങ്ങളും കൊണ്ട് ഇടുന്നവരെ കണ്ടെത്താൻ പലവട്ടം നാട്ടുകാരും വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ശ്രമിക്കാറുണ്ടെങ്കിലും മാലിന്യനിക്ഷേപത്തിന് അറുതി വരുന്നേയില്ല. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.

മാലിന്യം കിണറുകളിലേക്കും

മാലിന്യം കടിച്ചെടുത്ത് ഓടുന്ന തെരുവ് നായ്ക്കൾ പലപ്പോഴും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകാറുണ്ട്. അറവുമാലിന്യങ്ങൾ പക്ഷികൾ കൊത്തിയെടുത്ത് കിണറുകളിൽ കൊണ്ട് ഇടുന്നത് കുടിവെള്ളവും മലിനമാകാറുണ്ട്.

വെള്ളവും മലിനം

കുഴയ്ക്കാട് - ചീനിവിള ബണ്ട് റോഡിന് സമീപത്താണ് പ്രസിദ്ധമായ കുഴയ്ക്കാട് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മഹോത്സവത്തിന് ആറാടാനെത്തുന്നത് കുഴയ്ക്കാട് തോട്ടിലാണ്. കടുത്ത
വേനൽക്കാലത്ത് പോലും നീരുറവ വറ്റാത്ത കുഴയ്ക്കാട് തോട് മാലിന്യനിക്ഷേപത്താൽ മലിനമാകുന്നതിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്.മച്ചേൽ,ഇരട്ടക്കലുങ്ക്,വിളവൂർക്കൽ എന്നീ ബണ്ട് റോഡുകളിലും വ്യാപക മാലിന്യനിക്ഷേപമാണ്.കുളിക്കുന്നതിനും തുണി അലക്കാനും കൃഷിക്കും ഈ തോടുകളിലെ വെള്ളമാണ് ഉപയോഗിക്കാറുള്ളത്.

സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷം

മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട,ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് ആൾതാമസം കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.രണ്ടാഴ്ച മുൻപ് സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് ചെവി കടിച്ച് പറിച്ചത് ഇവിടെ വച്ചായിരുന്നു.ബണ്ടിനോട് ചേർന്ന വാഴപ്പണയും റോഡ് വക്കും രാത്രികാലങ്ങളിൽ ബാറായി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്.മേപ്പൂക്കട നിന്ന് ഗതാഗതക്കുരുക്കില്ലാതെ പോങ്ങുംമൂട്,അണപ്പാട്,ഊരൂട്ടമ്പലം ഭാഗത്തേയ്ക്ക് പോകാനുള്ള എളുപ്പമാർഗമാണീ റോഡ്.