
വളരെയേറെ ജീവിത സൗകര്യങ്ങളുമായാണ് ഇന്നത്തെ തലമുറ ജീവിച്ചുപോകുന്നത്. എന്നാൽ പലർക്കും കുടുംബജീവിതം വളരെ പെട്ടെന്ന് മടുത്തു തുടങ്ങുന്നു. ഇതിന്റെ കാര്യങ്ങളും കാരണങ്ങളും, ഇത്തരം പ്രതിസന്ധികളെ മാനസികമായ തയ്യാറെടുപ്പോടെ എങ്ങനെ സ്വയം മറികടക്കണമെന്നും വിശദീകരിക്കുന്ന മനഃശാസ്ത്ര ഗ്രന്ഥമാണ് പി.വി. ശശിധരന്റെ 'സന്തുഷ്ട ദാമ്പത്യത്തിന്റെ മനസ്സൊരുക്കം" എന്ന കൃതി.
മനുഷ്യവിഭവശേഷി പരിശീലനത്തിലും, കുടുംബ ബോധവത്കരണ രംഗത്തും വിവിധ വിഷയങ്ങളിൽ പതിറ്റാണ്ടുകളായി ബോധവത്കരണ - പരിശീലന പരിപാടികൾ നയിച്ചും, പച്ചയായ ജീവിതപ്രശ്നങ്ങൾ നേരിട്ടറിഞ്ഞുമുള്ള അനുഭവസമ്പത്ത് അടിസ്ഥാനമാക്കി പി.വി. ശശിധരൻ രചിച്ച ഏറെ പ്രത്യേകതകളുള്ള പ്രായോഗിക മനഃശാസ്ത്ര ഗ്രന്ഥമാണ് ഇത്. ഗ്രന്ഥകർത്താവിന്റെ ആറാമത്തെ രചനയാണ് ഈ പുസ്തകം.
ഏതു കാര്യത്തേയും അടിസ്ഥാനപരമായി സമീപിക്കാൻ കഴിയുന്നവർക്കേ പ്രതിസന്ധികളെ പൂർണമായും ഒഴിവാക്കാനും പരിഹരിക്കാനും കഴിയുകയുള്ളൂ. ഈ ഗ്രന്ഥത്തിലുടനീളം ഗ്രന്ഥകാരൻ നൽകുന്ന സൂചനകളും വസ്തുതകളും ഇക്കാര്യം സ്വയം വെളിപ്പെടുന്നുമുണ്ട്. ദാമ്പത്യജീവിതം മാത്രമല്ല, ജീവിതം മുഴുവനായും രസകരവും സംതൃപ്തവുമാക്കാൻ കഴിയുന്ന ഏറെ കാര്യങ്ങൾ ആധുനിക മനഃശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായും ലളിതമായും ഇതിൽ വിവരിച്ചിരിക്കുന്നു.
നാല് ഭാഗങ്ങളായുള്ള ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത്, മനുഷ്യമനസ്സ് എന്തെന്നും അതിന്റെ അടിസ്ഥാന പ്രത്യേകതകളും സ്വാധീനവും എങ്ങനെയെന്നും വിവരിക്കുന്നു. വ്യക്തിയുടെ ചിന്തകൾ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് കണക്കുകളും ഗ്രാഫുകളുമായി ഉദാഹരണസഹിതം വിശദമാക്കുന്നുണ്ട്. ഭാഗികമായ അറിവുകളും അറിവുകേടുകളുമാണ് ജീവിതം ദുഷ്കരമാക്കുന്നതും ബന്ധങ്ങൾ ശിഥിലമാക്കുന്നതും. ഇത്തരം കാര്യങ്ങളിൽ തിരിച്ചറിവുണ്ടാക്കാനും, ഓരോരുത്തരുടെയും നിലവാരവും ബന്ധങ്ങളും എപ്രകാരമെന്ന് അറിഞ്ഞ്, ആവശ്യമായ തിരുത്തലുകളോടെ എങ്ങനെ കൂടുതൽ നന്നായി ജീവിക്കാമെന്ന് പരിശീലിക്കാനും സഹായിക്കുന്ന ഒരു ചോദ്യാവലിയുമുണ്ട്. പല പുരുഷന്മാർക്കും സ്ത്രീകളുടെ നിഗൂഢ മനഃശാസ്ത്രം വ്യക്തമായി മനസിലാക്കി പെരുമാറാനും പ്രതികരിക്കാനും കഴിയാത്തത് ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കാറുണ്ട്. ഇവർക്കായി സ്ത്രീ - പുരുഷ മനസ്സിന്റെ പ്രത്യേകതകളും താത്പര്യങ്ങളും അക്കമിട്ട് വിശദീകരിക്കുന്നുണ്ട്.
രണ്ടാമത്തെ ഭാഗത്ത് ദാമ്പത്യ ജീവിതത്തിലെ പങ്കാളികളുടെ സ്വകാര്യ താത്പര്യങ്ങളെയും, ആരോഗ്യകരമായ കൊടുക്കൽ വാങ്ങലുകളിലൂടെ സംതൃപ്തമായ ലൈംഗിക ഇടപെടലുകളെയും കുറിച്ച് വിശദീകരിക്കുന്നു. മൂന്നാം ഭാഗത്ത് കുടുംബ ജീവിതം എങ്ങനെയാകണമെന്നും, സന്താന പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രതിപാദിക്കുന്നു. ഗുരുതരമായ ദാമ്പത്യജീവിത പ്രശ്നങ്ങളെ ഒഴിവാക്കാൻ കഴിയണമെന്ന ഉദ്ദേശ്യത്തോടെ വിവാഹ - സ്ത്രീ സംരക്ഷണ നിയമങ്ങളെയും സ്ത്രീ സംരക്ഷണ പ്രസ്ഥാനങ്ങളെയും കുറിച്ചാണ് നാലാം ഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നത്. സംതൃപ്ത ദാമ്പത്യ ജീവിതത്തിന് ഉതകുന്ന എല്ലാ കാര്യങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പായും പറയാം.
(ഗ്രന്ഥകാരന്റെ 
ഫോൺ : 73566 74266)
പ്രസാധകർ: ബ്രെയിൻ 
സ്പാർക് , കോട്ടയം.