ആറ്റിങ്ങൽ: വാമനപുരം നദിയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജല അതോറിട്ടി. ആറ്റിങ്ങൽ നഗരസഭയിൽ നിന്നാണ് നിലവിൽ കുടിവെള്ളം എത്തുന്നത്. ജലവിതരണത്തിന് ഒഴുക്ക് കുറവാണ്. അഞ്ചുതെങ്ങ് - വക്കം കുടിവെള്ള വിതരണ പദ്ധതിക്ക് തീരദേശ മേഖലകളിലെ പദ്ധതിയുടെ വിവിധ വാൽവുകൾ നിയന്ത്രിച്ച് കുടിവെള്ളം എത്തിച്ചു വരികയാണ്. ആറ്റിങ്ങൽ - അഴൂർ കുടിവെള്ള പദ്ധതിയിൽ ഒരു പമ്പ് മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്. ജലവിതരണത്തിൽ വ്യാപകമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടയ്ക്കോട്, പഴയകുന്നുംമേൽ - കിളിമാനൂർ - മടവൂർ സംയോജിത കുടിവെള്ള പദ്ധതി നിലവിൽ സാധാരണ പോലെ പ്രവർത്തിക്കുന്നു. നഗരൂർ കുടിവെള്ള പദ്ധതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പന്തുവിള കുടിവെള്ള പദ്ധതിക്ക് പുളിമാത്ത് പദ്ധതിയിൽ നിന്നും നിലവിൽ കുടിവെള്ളം എത്തിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഇനിയും നിയന്ത്രങ്ങൾ വേണ്ടി വരുമെന്ന് അറിയിപ്പിൽ പറയുന്നു.