തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ശേഷിക്കെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ നാടിനെ ഇളക്കിമറിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ്.ഓരോ വോട്ടും ഉറപ്പിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും. എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ നേമം മണ്ഡലത്തിലായിരുന്നു പ്രചാരണം കേന്ദ്രീകരിച്ചത്. രാവിലെ 8ന് ബണ്ട് റോഡ് കട്ടയ്ക്കലിൽ മന്ത്രി ജി.ആർ.അനിൽ വാഹനപര്യടനം ഉദ്ഘാടനം ചെയ്തു.മന്ത്രി വി. ശിവൻകുട്ടി,എം.വിജയകുമാർ,കരമന ഹരി,വി.എസ്.സുലോചനൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് തേരകം ജംഗ്ഷൻ,സോമൻനഗർ, ടെക്‌സ്ടൈറ്റൽസ്,നെടുങ്കാട് ജംഗ്ഷൻ, ബാങ്ക് ജംഗ്ഷൻ,കരമന ഗ്രാമം തുടങ്ങിയ സ്ഥലങ്ങളിലൂടെ പര്യടനം നീങ്ങി. പര്യടനം കടന്നുപോയ വഴികളിലെല്ലാം ആവേശപൂർവം പ്രവർത്തകർ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. ഉച്ചവിശ്രമത്തിനു ശേഷം തൈക്കാപള്ളി ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം കമലേശ്വരം,ആര്യൻകുഴി,വെള്ളരിപ്പണ,പെരുന്നെല്ലി, വടുവത്ത്, തിരുവല്ലം,കോളിയൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി വൈകി കല്ലടിച്ചാൻമൂലയിൽ സമാപിച്ചു. ഇന്ന് തിരുവനന്തപുരം മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ പര്യടനം. രാവിലെ 7.30ന് ബാലനഗറിൽ നിന്നാരംഭിക്കുന്ന പര്യടനം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.രാത്രി എട്ട് മണിയോടെ എസ്.എം ലോക്കിൽ സമാപിക്കും.

യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂരും ഇന്നലെ നേമം മണ്ഡലത്തിലായിരുന്നു പ്രചാരണം കടുപ്പിച്ചത്.കോവളം കോളിയൂർ ജംഗ്ഷനിലെ അയ്യങ്കാളിയുടെയും ഡോ.അംബേദ്കറുടെയും പ്രതിമകളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പര്യടനം ആരംഭിച്ചത്. കോളിയൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം പൂങ്കുളം,വണ്ടിത്തടം,പാച്ചല്ലൂർ ജംഗ്ഷൻ,തിരുവല്ലം ജംഗ്ഷൻ,പരശുരാമ സ്വാമി ക്ഷേത്രം,അമ്പലത്തറ ജംഗ്ഷൻ,അമ്മച്ചിമുക്ക്, കല്ലാട്ടുമുക്ക്,കമലേശ്വരം,കൊഞ്ചിറവിള ക്ഷേത്രം, കല്ലടിമുഖം വഴി ചിറമുക്ക് ജംഗ്ഷനിലെത്തി. അവിടെ ഉച്ചവിശ്രമത്തിനു ശേഷം 3ന് പര്യടനം പുനരാരംഭിച്ചു.ആറ്റുകാൽ ക്ഷേത്രം, പുത്തൻകോട്ട, കാലടി ജംഗ്ഷൻ, കുളത്തറ, ചെട്ടിയാർമുക്ക്, കാലടി സൗത്ത്, സോമൻ നഗർ,നെടുങ്കാട് സ്‌കൂൾ ജംഗ്ഷൻ, പി.ആർ.എസ് ബണ്ട് റോഡ്, മഹാറാണി ജംഗ്ഷൻ,കമലേശ്വരം,ആര്യൻകുഴി ക്ഷേത്രം, പൊന്നറ കോളനി, തരംഗിണി നഗർ, വഴി എൺപതോളം സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 7ന് എസ്.എം ലോക്ക് ജംഗ്ഷനിൽ സമാപിച്ചു.

കോവളം മണ്ഡലത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ പര്യടനം നടത്തിയത്.തലക്കോട് മണ്ഡലത്തിലെ പ്രചാരണം ബി.ജെ.പി സംസ്ഥാന വക്താവ് പാലോട് സന്തോഷ് ഉദ്ഘാടനം ചെയ്തു.തുടർന്ന് മുക്കോല, വിഴിഞ്ഞം,​ കടപ്പുറം എന്നിവിടങ്ങളിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. വിഴിഞ്ഞത്ത് തമിഴ് വിശ്വബ്രാഹ്മണ സമാജവും സ്വീകരണം നൽകി. പിന്നീട് സ്ഥാനാർത്ഥി കോവളം എസ്.എൻ.ഡി.പി ശാഖ സന്ദർശിച്ചു.ശാഖാ വൈസ് പ്രസിഡന്റ് വിഷ്ണുരാജ്,​ സെക്രട്ടറി സതീഷ്‌കുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.ആവാട്തുറ ജംഗ്ഷനിൽ ബി.എം.എസിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പിന്തുണ പ്രഖ്യാപിച്ചു.കോവളം സമുദ്രാ ബീച്ച്,​ മുട്ടയ്ക്കാട് ജംഗ്ഷൻ, നെല്ലിവിള, പനങ്ങോട്, വെങ്ങാനൂർ, ചാവടിനട, കട്ടച്ചക്കുഴി, പ്രാവച്ചമ്പലം, ഊക്കോട്, കല്ലിയൂർ വഴി രാത്രിയോടെ പൂങ്കുളത്ത് പ്രചാരണം അവസാനിച്ചു.