
കാട്ടാക്കട: കാട്ടാക്കട പോസ്റ്റ് ഓഫീസ് അസൗകര്യങ്ങൾക്ക് നടുവിൽ. നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിലാണ് കാട്ടാക്കട പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം. മാത്രമല്ല, ഇതിനോട് ചേർന്ന് കോടികൾ വിലയുള്ള ഭൂമി കാട് കയറി ഇഴജന്തുക്കളുടെ താവളമായതുമുണ്ട്. ജീർണാവസ്ഥയിലായ പോസ്റ്റ് ഓഫീസ് കെട്ടിടം നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. പോസ്റ്റ് ഓഫീസ് വഴിയുള്ള സേവനങ്ങൾ കൂട്ടിയതോടെ ജനത്തിരക്കും വർദ്ധിച്ചു. ദിനംപ്രതി നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി കാട്ടാക്കട പോസ്റ്റ് ഓഫീസിൽ എത്തുന്നത്. കാട്ടാക്കട താലൂക്കിലെ മിക്ക പഞ്ചായത്തുകളിലേയും ആളുകൾ പോസ്റ്റൽ സേവനങ്ങൾക്കായി കാട്ടാക്കടയിലെ മെയിൻ പോസ്റ്റ് ഓഫീസിനെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇവിടെ പലപ്പോഴും തിരക്കുകാരണം നിന്നുതിരിയാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. കാട്ടാക്കട പോസ്റ്റ് ഓഫീസിന് സ്വന്തമായി 17സെന്റ് ഭൂമിയുണ്ട്. കോടികൾ വിലമതിക്കുന്ന ഭൂമിയുടെ ഒരു വശത്തുമാത്രമാണ് നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. ദിവസവും ആയിരങ്ങളെത്തുന്ന സിവിൽ സ്റ്റേഷനിലേക്കും കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിലേക്കും പ്രവേശിക്കുന്നവരൊക്കെ കാട്ടാക്കട പോസ്റ്റ് ഓഫീസിന് മുന്നിലൂടെയാണ് പോകുന്നത്. ആധുനിക നിലയിലുള്ള വാണിജ്യ സമുച്ചയം ഉൾപ്പെടെ നിർമ്മിച്ച് മാസം ലക്ഷങ്ങൾ വരുമാനം നേടാവുന്ന കെട്ടിടം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
അവസ്ഥ പരിതാപകരം
പ്രാഥമികാവശ്യം നിറവേറ്റാൻ ശുചിമുറി പോലും ഇവിടെയില്ല. പോസ്റ്റ് ഓഫീസിലെത്തുന്ന തപാലുരുപ്പടികൾ പലപ്പോഴും എലികൾ കടിച്ചും മരപ്പട്ടികളുടെ കാഷ്ഠം വീണും ദുർഗന്ധം വമിക്കുന്ന നിലയിലായിരിക്കും. മഴക്കാലത്ത് പരിസരം വെള്ളം നിറഞ്ഞ് ഓഫീസിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മാത്രമല്ല കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിന് നേരെ എതിർ വശത്തായതിനാൽ മാർക്കറ്റ് ദിവസങ്ങളിൽ ഇവിടെയെത്തുന്നവർക്ക് പോസ്റ്റ് ഓഫീസിൽ കയറാൻ പോലും പറ്റാത്ത വിധത്തിൽ വാഹന പാർക്കിംഗാണ്. ഇത് വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.