v-joy

വർക്കല: ജനങ്ങളുടെ സ്നേഹം പങ്കിട്ടുള്ള മുന്നണി സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊഷ്മളമായി മുന്നേറുകയാണ്. വൃദ്ധരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ഓരോ പര്യടന കേന്ദ്രങ്ങളിലുമുള്ളത്. അരുവിക്കര നിയോജക മണ്ഡലത്തിലായിരുന്നു വി. ജോയിയുടെ ഇന്നലെത്തെ പര്യടനം. കുറ്റിച്ചൽ തേവൻകോട് നിന്ന് ആരംഭിച്ച പര്യടനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തേമ്പാമൂട്, കോട്ടൂർ, ചപ്പാത്ത് , ഉള്ളൂർക്കോണം, ചാങ്ങ ജംഗ്ഷൻ തുടങ്ങി അറുപതിലധികം കേന്ദ്രങ്ങളിൽ പ്രവർത്തകർ വി. ജോയിക്ക് സ്വീകരണം ഒരുക്കിയിരുന്നു. രാത്രിയോടെ വെള്ളനാട് ജംഗ്ഷനിൽ പര്യടനം സമാപിച്ചു. ഇന്ന് നെടുമങ്ങാട് മണ്ഡലത്തിലെ പര്യടനം രാവിലെ 8.30ന് വെമ്പായം ജംഗ്ഷനിൽ ആരംഭിക്കും. കഴിഞ്ഞദിവസം വർക്കലയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഇ.പി.ജയരാജൻ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5.30ന് ചിറയിൻകീഴ് പുളിമൂട് എമാബി ദർബാർ ഹാളിൽ നടക്കുന്ന എൽ.ഡി.എഫ് പൊതുയോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കും.

അരുവിക്കര നിയോജക മണ്ഡലത്തിലായിരുന്നു അടൂർ പ്രകാശിന്റെ പര്യടനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. അഴീക്കൽ നിന്നാരംഭിച്ച പര്യടനത്തിന് അരുവിക്കര, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡി ഇന്നെത്തും. രാവിലെ 9.30ന് തുമ്പയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ 11.30ന് മാമ്പള്ളിയിൽ സമാപിക്കും. ഉച്ചയ്ക്ക് 2ന് കല്ലറയിൽ നടക്കുന്ന പൊതു സമ്മേളനത്തിലും രേവന്ത് റെഡ്‌ഡി സംസാരിക്കും.

മലയിൻകീഴിലും ആര്യനാട്ടുമായിരുന്നു ഇന്നലെ വി. മുരളീധരന്റെ പര്യടനം. കുണ്ടമൺ കടവിൽ നിന്നാരംഭിച്ച് 33 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടെ മലയിൻകീഴിൽ സമാപിച്ചു. ഉച്ചയ്ക്കുശേഷം ആര്യനാട് മണ്ഡലത്തിലെ ഉഴമലയ്ക്കൽ, ആര്യനാട്, തൊളിക്കോട് പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. രാത്രിയോടെ ചൂഴയിൽ ജംഗ്ഷനിൽ പര്യടനം സമാപിച്ചു.