k

മഹാഭാരതത്തിലെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ശിഖണ്ഡി. കഥകളുടെ കലവറയായ മഹാഭാരതത്തിലെ വളരെ പ്രധാനപ്പെട്ട ' അംബോപാഖ്യാന പർവ്വം' എന്ന ഉപപർവ്വത്തിലാണ് ശിഖണ്ഡി എന്ന വേറിട്ട കഥാപാത്രത്തെക്കുറിച്ചുള്ള വിവരണം. കുരുക്ഷേത്ര യുദ്ധത്തിൽ കൗരവസേനയെ നയിക്കുന്ന ഭീഷ്മർ ഉള്ളിടത്തോളം പാണ്ഡവർക്ക് ജയിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്ന കൃഷ്ണൻ, ​ഭീഷ്മരുടെ തന്നെ ഉപദേശമനുസരിച്ച് യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുൻനിറുത്തി ഭീഷ്മരോട് യുദ്ധം ചെയ്യാൻ അർജുനനെ ഉപദേശിക്കുന്നു. സ്ത്രീകളോട് യുദ്ധം ചെയ്യില്ലെന്നു നേരത്തെ ശപഥമെടുത്തിട്ടുള്ള ഭീഷ്മർ ശിഖണ്ഡി വേഷധാരിയായ അംബയോട് ഏറ്റുമുട്ടാൻ തയ്യാറാവുന്നില്ല. ഈ തക്കത്തിന് അർജുനൻ നിരായുധനായ ഭീഷ്മരെ അമ്പെയ്തു വീഴ്ത്തുന്നു. അങ്ങനെ, ഭീഷ്മർ യുദ്ധഭൂമിയിൽ ശരശയ്യയിൽ കിടക്കേണ്ടിവരുന്നു. അർജുനന് മറതീർക്കുന്ന ശിഖണ്ഡിയുടെ വരവിന് പിന്നിലുമുണ്ട് മറ്റൊരു കഥ.
ഭീഷ്മർ തന്റെ അനുജനുവേണ്ടി (വിചിത്രവീരൻ) കാശിരാജാവിന്റെ പുത്രിമാരായ അംബ, അംബിക, അംബാലിക എന്നീ കന്യകമാരെ ബലമായി പിടിച്ചുകൊണ്ടുവരുന്നു. മറ്റൊരാളുമായി പ്രണയത്തിലായിരുന്ന അംബയുടെ അപേക്ഷ പ്രകാരം അവളെ വിട്ടയക്കുന്നു. പക്ഷെ കാമുകൻ സ്വീകരിക്കുന്നില്ല. കാമുകനാൽ തിരസ്‌കൃതയായ അംബ തിരിച്ചു ഭീഷ്മരുടെ അടുത്തെത്തി തന്റെ നിസ്സഹായാവസ്ഥ വിശദീകരിക്കുന്നുണ്ടെങ്കിലും അത് ഉൾക്കൊള്ളാൻ അദ്ദേഹം തയ്യാറാവുന്നില്ല.
നിരാശയായി അംബ, ശിവനെ തപസ് ചെയ്തു ദേഹ ത്യാഗത്തിനൊരുങ്ങുന്നു. സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട്, എന്ത് വരം വേണമെന്ന് ചോദിക്കുമ്പോൾ ഭീഷ്മരെ കൊല്ലാനുള്ള വരമാണ് വേണ്ടതെന്നു അംബ പറഞ്ഞു. 'അങ്ങനെ തന്നെ സംഭവിക്കും' എന്ന് ശിവൻ അനുഗ്രഹിക്കുന്നു. അപ്പോൾ അംബ ശിവനോട് വീണ്ടും ചോദിച്ചു 'ഭഗവാനെ ഒരു സ്ത്രീയായ ഞാൻ എങ്ങനെ ഭീഷ്മരെ വധിക്കും?' ശിവൻ പറഞ്ഞു 'ദേഹാന്തരം സംഭവിച്ചു കഴിഞ്ഞാൽ നിനക്ക് പുരുഷത്വം ലഭിക്കും, ദ്രുപദകുലത്തിൽ നീ മഹാരഥിയായി വളരും'. സംതൃപ്തയായ അംബ, അഗ്നിയിൽ തന്റെ ജീവൻ ഹോമിച്ചു.

കുട്ടികളില്ലാത്ത ദ്രുപദ രാജാവും ഭാര്യയും ശിവനെ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. തപസിന്റെ ലക്ഷ്യം അറിഞ്ഞ ശിവൻ 'കന്യകയായ ഒരു പുത്രൻ' ഉണ്ടാവുമെന്ന് അനുഗ്രഹിച്ചു മറഞ്ഞു. പത്തുമാസം കഴിഞ്ഞപ്പോൾ രാജ്ഞി ഒരു പുത്രിയെ പ്രസവിച്ചു. നിരാശരായ രാജാവും രാജ്ഞിയും വിശ്വസ്തയായ ഒരു തോഴിയുടെ സഹായത്താൽ കുഞ്ഞിനെ ആൺകുട്ടിയായി വളർത്തി, ശിഖണ്ഡി എന്ന് പേരും നൽകി. ആൺകുട്ടിയായി വളർന്ന ശിഖണ്ഡി രാജകുമാരി ആയുധവിദ്യയിൽ മികവ് നേടി. ദ്രോണരുടെ കീഴിൽ എല്ലാ അസ്ത്രവിദ്യകളും പഠിച്ച ശേഷമാണ് ഭീഷ്മനിഗ്രഹമെന്ന ലക്ഷ്യപ്രാപ്തിക്കായി ഇറങ്ങുന്നത്. ഇത് തലമുറകളായി കേട്ടുവരുന്ന കഥ. അതിവിദൂരമല്ലാത്ത ഭൂതകാലത്തിലും വർത്തമാനകാലത്തും ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് കാണാനാവും ഡസൻ കണക്കിന് ശിഖണ്ഡിമാരെ. പൊതുരംഗത്തും രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലും തങ്ങളുടെ ആദർശങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരണമായി പ്രവർത്തിക്കുന്നവര, അവരോടുള്ള ഇഷ്ടക്കേടിന്റെ പേരിൽ താറടിക്കാൻ എന്ത് നീചപ്രവർത്തിയും ചെയ്യാൻ മടിയില്ലാത്ത ശിഖണ്ഡിമാർ. അസ്ത്രവും വാളും ഗദയുമൊന്നുമല്ല അവരുടെ ആയുധം, സോഷ്യൽ മീഡിയ സങ്കേതവും സൈബർ ഇടങ്ങളുമാണ് അവർ ആയുധമാക്കുന്നത്. അവയുടെ മറ പറ്റി നിന്നുകൊണ്ടാണ് യാതൊരു ഉളുപ്പുമില്ലാതെ എതിരാളികളെ അഭിനവ ശിഖണ്ഡിമാർ അരിഞ്ഞു വീഴ്ത്തുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തെ ആക്രമണമാണ് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ കെ.കെ. ശൈലജയ്ക്ക് നേർക്കുണ്ടായത്.

സംസ്കാര സമ്പന്നമെന്ന് നാം ഊറ്രം കൊള്ളുന്ന കേരളത്തിന്റെ മണ്ണിലാണ് ഇത്തരം നികൃഷ്ടമായ പ്രവൃത്തികൾ അരങ്ങേറുന്നത്. തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ എതിർപ്പുകളും മുമ്പും ഉണ്ടായിട്ടുണ്ട്. കൊണ്ടും കൊടുത്തും തന്നെയാണ് ഇവിടെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവയുടെ നേതാക്കളും പ്രവർത്തിച്ചിട്ടുള്ളത്. പക്ഷെ ഓരോ ഘട്ടം വരുമ്പോഴും അവരുടെ വാക്കുകളിലും അതിലൂടെ പ്രസരിപ്പിക്കുന്ന ആശയങ്ങളിലും മിതത്വവും കുലീനത്വവും പുലർത്താൻ ഓരോ നേതാക്കളും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ നേതാക്കളല്ല, മറിച്ച് ഓരോ സംഘടനയുടെയും വക്താവ് പരിവേഷം സ്വയം എടുത്തണിഞ്ഞ് വ്യക്തിഹത്യ ചെയ്യാൻ ഇറങ്ങുന്നവരാണ് ലേറ്രസ്റ്റ് ശിഖണ്ഡിമാർ. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരാണ് ഇത്തരം ആക്രമണത്തിന് കൂടുതലും ഇരകളാവാറുള്ളത്.

മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻചാണ്ടിയുടെ കുടംബാംഗങ്ങൾക്ക് നേരെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു കാലത്ത് നടന്ന അധിക്ഷേപം ചെറുതായിരുന്നോ. തൃക്കാക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് കാലത്ത് ഉമാ തോമസിനെതിരെയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. രമയ്ക്കെതിരെയും സമാനമായ സൈബർ ആക്രമണങ്ങൾ ഉണ്ടായതാണ്. മാദ്ധ്യമ പ്രവർത്തകയ്ക്ക് നേർക്കും ഇതേപോലെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണമുണ്ടായത് നാം മറന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും ഇത്തരം ആക്രമണങ്ങളിൽ നിന്ന് മുക്തരല്ല. മുതിർന്ന സി.പി.എം നേതാവ് ഇ.പി.ജയരാജനും മന്ത്രി വി. ശിവൻകുട്ടിയുമുൾപ്പെടെ ഇത്തരം ആക്രമണങ്ങൾക്ക് വിധേയരായ എത്രയോ പേർ.

കൃത്രിമമായി ചമയ്ക്കുന്ന ചിത്രങ്ങളും തെറ്രായ രേഖകളുമെല്ലാം ഇത്തരം ദുഷ് പ്രചരണങ്ങൾക്ക് വ്യപകമായി ഉപയോഗിക്കുന്നുമുണ്ട്. കൈവിട്ട വാക്കും കൈവിട്ട ആയുധവും പിൻവലിക്കാനാവില്ല. ചെയ്യുന്ന ഓരോ പ്രവൃത്തിയും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നവന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്നതും തിരിച്ചറിയേണ്ടകാര്യമാണ്.

വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സംഘടനകളിലും പ്രവർത്തിക്കാനുള്ള മൗലികമായ എല്ലാ സ്വാതന്ത്ര്യവും നമുക്ക് ഒരോരുത്തർക്കുമുണ്ട്. ഒരാൾ ഏതു സംഘടനയിൽ പ്രവർത്തിക്കണം, എന്ത് വിശ്വാസപ്രമാണം വച്ചു പുലർത്തണം എന്നൊക്കെ പറയാൻ മറ്റാർക്കും അവകാശമില്ല. അത്തരം സ്വാതന്ത്ര്യങ്ങളിലേക്കുള്ള കൈകടത്തലും തീർത്തും അന്യായമാണ്. ആശയപരമായ എതിർപ്പുകൾ നേരിട്ടും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെയും വേണം പ്രകടമാക്കേണ്ടത്. അല്ലാതെ ഇരുളിന്റെ മറവിൽ നിന്നാവരുത് ആക്രമണം. നിരുത്തരവാദപരമായി ഇത്തരം നിന്ദ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ, അവർ എത്ര സമർത്ഥരായാലും പ്രോത്സാഹിപ്പിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനയുടെയും നേതൃത്വം തയ്യാറാവുകയും അരുത്. മനുഷ്യത്വ രഹിതമായി സൈബർ ആക്രമണത്തിന് മുതിരുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന കാര്യത്തിലെങ്കിലും എല്ലാ സംഘടനകളും രാഷ്ട്രീയ നേതാക്കളും ഒറ്റക്കെട്ടായി നിൽക്കേണ്ടതാണ്.

ഇതുകൂടി

കേൾക്കണേ

വ്യക്തിഹത്യ നടത്തുന്നത് ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല, മറിച്ച് ആശയപരമായ പോരാട്ടമാണ് അഭിലഷണീയം.