തിരുവനന്തപുരം:പേരൂർക്കടയിൽ നിന്ന് ശുദ്ധജല വിതരണം നടത്തുന്ന പൈപ്പ് ലൈനിൽ കുറവൻകോണം ഡി പാരീസ് റസ്റ്റോറന്റിനു മുന്നിലുണ്ടായ ചോർച്ച പരിഹരിച്ചു. ഇന്നലെ രാത്രി എട്ടിനേ പണി പൂർത്തിയാകൂവെന്നാണ് ജല അതോറിട്ടി അറിയിച്ചിരുന്നതെങ്കിലും പുലർച്ചെ അഞ്ചോടെ ജോലികൾ പൂർത്തിയാക്കിയിരുന്നു.തുടർന്ന് പമ്പിംഗ് തുടങ്ങി.താഴ്ന്ന പ്രദേശങ്ങളിൽ അർദ്ധരാത്രിയോടെ പൂർണതോതിൽ വെള്ളം എത്തിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം പൂർവസ്ഥിതിയിലാവാൻ ഇന്ന് ഉച്ചയാകുമെന്ന് ജല അതോറിട്ടി അധികൃതർ പറഞ്ഞു.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അറ്റകുറ്റപ്പണി തുടങ്ങിയത്.പൈപ്പിൽ പൊട്ടലുണ്ടായിരുന്നില്ല. എന്നാൽ ജോയിന്റിലുണ്ടായ തകരാറാണ് വെള്ളം ചോരാൻ ഇടയാക്കിയത്. പുതിയ ജോയിന്റ് സ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്.

പലയിടത്തും ജലക്ഷാമം

നഗരത്തിൽ തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണികളും വാൽവ് ക്ളീനിംഗുമടക്കം നടന്നതിനാൽ പലയിടത്തും ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. വെള്ളയമ്പലത്തെ 36 എം.എൽ.ഡി ശുദ്ധീകരണശാലയിലെ ശുചീകരണ പ്രവർത്തനങ്ങൾ, പി.ടി.പി നഗർ സബ് ഡിവിഷന്റെ കീഴിലെ ജലസംഭരണിയുടെ വാൽവിന്റെ അടിയന്തര അറ്റകുറ്റപ്പണി എന്നിവയെ തുടർന്ന് നഗരത്തിന്റെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം തടസപ്പെട്ടിരുന്നു.കുര്യാത്തി സെക്ഷൻ പരിധിയിൽ ബുധനാഴ്ച രാത്രി പമ്പിംഗ് തുടങ്ങിയെങ്കിലും ഇന്നലെ രാത്രി വൈകിയും വള്ളക്കടവ്‌,മുട്ടത്തറ,കമലേശ്വരം, കളിപ്പാൻകുളം അടക്കമുള്ള പ്രദേശങ്ങളിൽ ജലവിതരണം പൂർവസ്ഥിതിയിലായിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ നൂലുപോലെയാണ് വെള്ളം ലഭിച്ചത്. അതേസമയം,മൂന്ന് ദിവസത്തോളം ക്ളീനിംഗ് അടക്കമുള്ള ജോലികൾ നടന്നതിനാൽ ലൈനുകളിൽ വെള്ളമില്ലാതെ മർദ്ദം കയറിയിട്ടുണ്ടെന്നും അതിനാൽ ജലവിതരണം ഇന്ന് വൈകിട്ടോടെയേ പൂർവാവസ്ഥയിൽ ആകൂവെന്നും കുര്യാത്തി സെക്ഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.