മുടപുരം: വേനൽ അതികഠിനമായതോടെ കിഴുവിലം ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം.കിണറുകൾ വറ്റിത്തുടങ്ങി.കിണർ വറ്റിയതോടെ വെള്ളം കലങ്ങി കുടിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളം ഇപ്പോൾ അഞ്ചു ദിവസത്തിലൊരിക്കലാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പരിഹാരമായി പഞ്ചായത്തിൽ പ്രത്യേക കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ആറ്റിങ്ങൽ വലിയകുന്നിലെ ടാങ്കിൽ നിന്ന് മുടപുരം എൻ.ഇ.എസ് ബ്ലോക്കിലെ വാട്ടർ ടാങ്കിലെത്തി അവിടെനിന്ന് നൈനാംകോണത്തെ വാട്ടർടാങ്കിൽ എത്തിയാണ് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളം എത്തിക്കുന്നത്.ഇതിനു പുറമെ ചില പ്രദേശത്തേക്ക് അഴൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തെറ്റിച്ചിറ ടാങ്കിൽ നിന്നും മറ്റ് ചില ഇടങ്ങളിലേക്ക് ആറ്റിങ്ങൽ നിന്നും ചില പ്രദേശങ്ങളിലേക്ക് ചിറയിൻകീഴിൽ നിന്നുമാണ് വെള്ളം എത്തുന്നത്. മൂന്ന് ദിവസത്തിലൊരിക്കൽ വെള്ളം പമ്പ് ചെയ്തിരുന്നത് ഇപ്പോൾ അഞ്ചു ദിവസത്തിൽ ഒരിക്കലായി മാറിയെന്നാണ് നാട്ടുകാരുടെ പരാതി.

ജലജീവൻ പദ്ധതി വഴി കൂടുതൽ വാട്ടർ കണക്ഷൻ നൽകിയതിനാൽ ഉപഭോക്താക്കളുടെ എണ്ണവും വർദ്ധിച്ചു. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതിനനുസരിച്ച് ജലക്ഷാമവും കൂടി. അതു മറികടക്കാൻ കിഴുവിലം പഞ്ചായത്തിന് പ്രത്യേക കുടിവെള്ള പദ്ധതി വേണമെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.

പമ്പിംഗ് സമയം കുറവ്

ഒരു ദിവസം കുറച്ചു സമയം മാത്രമേ വെള്ളം പമ്പ് ചെയ്യുന്നുള്ളൂ.അതുകൊണ്ട് എല്ലായിടത്തും ആവശ്യത്തിന് വെള്ളം എത്തുന്നില്ല.

വെള്ളം കിട്ടാക്കനി

ഉയർന്ന പ്രദേശങ്ങളായ നൈനാംകോണം,മണ്ഡപം,കടുവക്കരകുന്ന്,കാടയംകോണം,വക്കത്തുവിള,ആക്കോട്ടുവിള തുടങ്ങിയ പ്രദേശങ്ങളിൽ പലപ്പോഴും കുടിവെള്ളം എത്താറില്ല.കൂടുതൽ സമയം പമ്പ് ചെയ്താൽ മാത്രമേ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തുകയുള്ളൂ

വെള്ളമെത്താതെ

പമ്പ് ചെയ്യുന്നതു തന്നെ പല സമയങ്ങളിലാണ്. ഇതുമൂലം പഞ്ചായത്തിലെ ഒരു പ്രദേശത്ത് വെള്ളം ഉള്ളപ്പോൾ മറ്റൊരു പ്രദേശത്ത് വെള്ളമുണ്ടാകില്ല.ഇപ്പോൾ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഒരു വാട്ടർ ടാങ്ക് മാത്രമേയുള്ളൂ.രണ്ടോ മൂന്നോ ടാങ്കുകൾ കൂടി സ്ഥാപിച്ച് ഒരേ സമയത്ത് വെള്ളം തുറന്നു വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.