hi

കിളിമാനൂർ: നെൽപ്പാടത്തിനരികിൽ കമ്പ് നാട്ടി അതിൽ പ്ലാസ്റ്റിക്ക് ഷീറ്റും ചാക്കുമൊക്കെ കെട്ടി കൂരയാക്കി അന്തിയുറങ്ങിയിരുന്ന പുല്ലയിൽ തോപ്പുമുക്ക് വയലിൽ വീട്ടിൽ നാണിക്ക് (82) അടച്ചുറപ്പുള്ള വീടൊരുങ്ങുന്നു. തിരുവനന്തപുരം മുട്ടട പരുത്തിപ്പാറ അഗ്രിക്കോസ് ചാരിറ്റബിൾ ട്രസ്റ്റാണ് വീടൊരുക്കുന്നത്.വീടിന്റെ കുറ്റി നാട്ടൽ ട്രസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ നടന്നു. സ്വന്തമായി പുരയിടമില്ലാത്ത നാണി കൂലിപ്പണിയെടുത്തും വീട്ടുവേല ചെയ്തുമാണ് ഉപജീവനം നടത്തിയിരുന്നത്. അന്തിയുറക്കവും ജോലി ചെയ്യുന്ന വീടുകളിലായിരുന്നു. കശുഅണ്ടി ഫാക്ടറിയിൽ പണിയെടുത്ത തുക കൊണ്ട് വയൽ പുരയിടത്തിൽ 5 സെന്റ് വാങ്ങിയാണ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുളള മാടം കെട്ടിയത്.മഴക്കാലമായാൽ വീട് വെള്ളത്തിനടിയിലാകും. പിന്നെ അയൽ വീടുകളിലാണ് അന്തിയുറക്കം.പുല്ലുവെട്ടി വിറ്റുകിട്ടുന്ന തുച്ഛ വരുമാനത്തിലാണ് നാണി അമ്മൂമ്മ ജീവിതം തള്ളിനീക്കുന്നത്. സമീപത്തുള്ള വ്യാപാരി സുനിൽ കേരളകൗമുദിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് 'നാണിക്കും വേണം കിടക്കാനൊരിടം' എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചു. ഇതോടെ നാണിക്ക് വീടൊരുക്കാൻ അഗ്രിക്കോസ് ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തെത്തി. രണ്ട് മാസത്തിനകം വീട് പൂർത്തിയാക്കുമെന്ന് ട്രസ്റ്റ് അധികൃതർ പറഞ്ഞു.