ആലപ്പുഴ : കുട്ടനാട്ടിൽ ഈടും ബലവുമുള്ള ബണ്ടുകൾ നിർമ്മിക്കുന്നത് പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കാൻ സർക്കാരിന് ശുപാർശ നൽകി ലോകായുക്ത. കുട്ടനാട് പാക്കേജിന് കീഴിലെ ബണ്ട് നിർമ്മാണത്തിലെ അപാകതയും അഴിമതിയും ചൂണ്ടിക്കാട്ടി സക്കറിയ ജോസഫ് നൽകിയ പരാതിയിലാണ് നടപടി. ഗാബിയോൻ ബോക്സ് നിർമ്മാണ രീതിക്ക് പകരം കരിങ്കല്ല് മാത്രം ഉപയോഗിക്കുന്നതു കൊണ്ടാണ് ബണ്ടുകൾ നിരന്തരം തകരുന്നതെന്നും ഇത് അഴിമതിക്ക് വഴിവയ്ക്കുന്നെന്നും പരാതിയിലുണ്ട്.

പരാതിക്കാരന് ആരോപണം തെളിയിക്കാൻ സാധിച്ചില്ല എന്ന് പരാമർശിച്ച ലോകായുക്ത കുട്ടനാട്ടിലെ നിലവിലെ സ്ഥിതി പഠിക്കാനും നിർദ്ദേശിച്ചു. പരാതിക്കാരൻ നടത്തുന്ന ഒറ്റയാൾ പോരാട്ടത്തെ ലോകായുക്ത പ്രകീർത്തിച്ചു. സെക്ഷൻ 12(1) പ്രകാരമാണ് സർക്കാരിന് ലോകായുക്ത ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. സർക്കാർ റിപ്പോർട്ട് ഫയൽ ചെയ്യാനായി ജൂലായ് പത്തിലേക്ക് കേസ് മാറ്റി.