വർക്കല: വാമനപുരം നദി വറ്റിവരണ്ടതോടെ വർക്കലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി.വർക്കല താലൂക്കിലെ വെട്ടൂർ,ചെറുന്നിയൂർ,ചെമ്മരുതി,ഇലകമൺ,ഇടവ,ഒറ്റൂർ,മണമ്പൂർ,നാവായിക്കുളം,കരവാരം,മടവൂർ എന്നീ പഞ്ചായത്തുകളിലും വർക്കല നഗരസഭയിലും ഒരാഴ്ചയായി കുടിവെള്ളം ലഭിച്ചിട്ട്.വാമനപുരം നദിയിലെ പുഴക്കടവിൽ നിർമ്മിച്ചിട്ടുള്ള കിണറിൽ നിന്നുമാണ് വാട്ടർ അതോറിട്ടി ജലവിതരണം നടത്തിയിരുന്നത്.നദിയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ പമ്പ് സെറ്റുകൾ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന ജലം കിണറിലേക്ക് പമ്പ് ചെയ്തിരുന്നത് തടസപ്പെട്ടു. 500 എച്ച്.പി പമ്പുപയോഗിച്ച് നേരത്തെ 24 മണിക്കൂറും പമ്പു ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 200 എച്ച്.പി പമ്പുപയോഗിച്ച് 6 മണിക്കൂർ പോലും പമ്പിംഗ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. വർക്കല വാട്ടർ സപ്ലൈ സബ് ഡിവിഷന്റെ പരിധിയിൽ 63000 കുടിവെള്ള കണക്ഷനുകളാണുള്ളത്.ടാങ്കർ ലോറി മുഖേന ജലവിതരണം നടത്തുന്നതിന് പഞ്ചായത്തുകൾക്ക് കത്തു നൽകിയിരുന്നു.ജലദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ 04702602402എന്ന നമ്പരിൽ അറിയിക്കണമെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും വർക്കല വാട്ടർ അതോറിട്ടി അസി.എക്സി.എൻജിനിയർ അറിയിച്ചു.