
തിരുവനന്തപുരം/ കൽപ്പറ്റ: സുഗന്ധഗിരി വിവാദ മരംമുറിക്കലിൽ സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന കരീം അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി മണിക്കൂറുകൾ പിന്നിടുന്നതിനു മുമ്പേ വനംമന്ത്രി ഇടപെട്ട് മരവിപ്പിച്ചു. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാതെയാണ് സസ്പെൻഡ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് മരവിപ്പിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ അടിയന്തര നിർദ്ദേശം. എന്നാൽ, എൻ.സി.പിയിലും
ഇടത് മുന്നണിയിലും നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിയുടെ നടപടിയെന്നാണ് സൂചന.
വയനാട് സൗത്ത് ഡി.എഫ്.ഒ എ. ഷജ്ന കരീം, ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ കെ. സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് വനം വകുപ്പ് അഡി. സെക്രട്ടറി സസ്പെൻഡ് ചെയ്തത്. വനംവകുപ്പ് വിജിലൻസിന്റെ ശുപാർശയിലായിരുന്നു നടപടി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകൾക്കകം നടപടി മരവിപ്പിക്കാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മർദ്ദത്തിലാണ് നടപടി അതിവേഗം മരവിപ്പിച്ചതെന്നാണ് സൂചന. വിശദീകരണം പോലും ചോദിക്കാതെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
മന്ത്രിയും വനം വകുപ്പും വെട്ടിൽ
അനധികൃതമായി നടന്ന സുഗന്ധഗിരി മരംമുറിക്കലിൽ കാര്യകാരണങ്ങൾ വിശദമാക്കി എടുത്ത നടപടി മരവിപ്പിച്ചതോടെ മന്ത്രിയും വനംവകുപ്പും വെട്ടിലായി. ഡി.എഫ്.ഒ അടക്കമുള്ളവരുടെ വീഴ്ചകൾ എടുത്തു പറഞ്ഞാണ് വനം വകുപ്പ് അഡി. സെക്രട്ടറി സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയിരുന്നത്. അനധികൃതമായി മരംമുറിച്ച സംഭവത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തതിനു ശേഷവും ഡി.എഫ്.ഒ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നതിനാലാണ് തടി കടത്തിക്കൊണ്ടു പോകാനിടയായതെന്നും ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറും വിവരങ്ങൾ യഥാസമയം കൈമാറിയിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി കൽപ്പറ്റ റേഞ്ച് ഓഫീസർ കെ. നീതുവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചിരുന്നത്.
സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകൾക്ക് ഭീഷണിയായി നിന്ന 20 മരങ്ങൾ മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയ സംഭവത്തിൽ ഡി.എഫ്.ഒയും റേഞ്ച് ഓഫീസറും അടക്കം 18 പേർ കുറ്റക്കാരാണെന്ന് വനം വകുപ്പ് വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് മന്ത്രി എ.കെ. ശശീന്ദ്രൻ വനം അഡി. സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നത്.