
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വൈകുന്നേരങ്ങളിലാണ് മഴ ലഭിക്കുന്നത്.ശക്തമായ ഇടിമിന്നലിനു സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
അടുത്ത മൂന്നു ദിവസത്തേക്ക് പാലക്കാട് ജില്ലയിൽ 39ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38ഡിഗ്രി വരെയും കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ 37ഡിഗ്രി വരെയും താപനില ഉയരും.
ഇന്നും നാളെയും കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.