general

ബാലരാമപുരം: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷവേദിയായ മുടവൂർപ്പാറ വെട്ടുബലിക്കുളത്തിലെ പരാധീനതകൾക്ക് പരിഹാരമാകുന്നു. ഇറിഗേഷൻ വകുപ്പ് കുളത്തിന്റെ നവീകരണത്തിന് മുപ്പത് ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത് നാട്ടുകാർക്ക് ആശ്വാസമായി.

ഓണക്കാലത്ത് കുറഞ്ഞ നിരക്കിലുള്ള ഇവിടുത്തെ ബോട്ട് സർവീസിന് ജനശ്രദ്ധയേറെയാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വരുന്നതിനു മുമ്പും കുളത്തിൽ ചെളി അടിഞ്ഞുകൂടി നവീകരണം വൈകിയപ്പോഴും നിരവധി പരാതികൾ ഉയർന്നിരുന്നു. പിന്നീട് പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ചെളിക്കെട്ട് നീക്കംചെയ്തു. വെട്ടുബലിക്കുളത്തിന്റെ നവീകരണത്തിന് പള്ളിച്ചൽ പഞ്ചായത്ത് സമ്മർദ്ദം ചെലുത്തി സർക്കാരിന് നിവേദനങ്ങൾ നിരവധി കൈമാറിയെങ്കിലും പുനഃരുദ്ധാരണനടപടികൾ വൈകുകയായിരുന്നു.

മുടവൂർപ്പാറ എസ്.എൻ.ഡി.പി ശാഖയുടെ പുതുതായി പണികഴിപ്പിച്ച ഗുരുമന്ദിരവും കുളത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഗുരുപൂജയും പ്രാർത്ഥനകളും നടക്കുന്ന ആരാധനാലയത്തിന് സമീപത്തെ സാമൂഹ്യവിരുദ്ധശല്യം പാടെ തുടച്ചുനീക്കണമെന്നാണ് ഭക്തരുടെ ആവശ്യം. ഉത്സവനാളുകളിൽ നാട്ടുകാരുടേയും ക്ഷേത്രഭരണസമിതിയുടേയും ഇടപടെലിനെ തുടർന്ന് സാമൂഹ്യവിരുദ്ധരുടെ ശല്യം കുറഞ്ഞിട്ടുണ്ട്. ഉത്സവനാളുകളിൽ ഭക്തർ നിരവധിയാണ് ഇതുവഴി കടന്നുപോകുന്നത്. 2024 ഓണം ടൂറിസം വേദിയായ വെട്ടുബലിക്കുളം അടിമുടി നവീകരണം സാദ്ധ്യമാക്കുമെന്നാണ് പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്. ഇതിനായി ടൂറിസം വകുപ്പിൽ നിന്ന് പ്രത്യേക ഫണ്ട് അനുവദിപ്പിക്കാനും പഞ്ചായത്ത് നടപടികൾ ആരംഭിച്ചു. തകരാറിലായ തെരുവ് വിളക്കുകൾ നവീകരിക്കണമെന്നും വെട്ടുബലിക്കുളത്തിലേക്ക് എത്തിച്ചേരുന്ന നടപ്പാത കോൺക്രീറ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

നവീകരണത്തിന് അനുവദിച്ചത് - 30 ലക്ഷം രൂപ

പൂങ്കോട് മുള്ളുവിള ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടി എഴുന്നള്ളിച്ച് ആറാട്ട് നടത്തുന്നതും വെട്ടുബലിക്കുളത്തിലാണ്.

നിലവിൽ കുളത്തിനു സമീപം കോൺക്രീറ്റ് സൈഡ് വാൾ നിർമ്മിക്കുന്നതിലേക്കായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

ഇനി പരിഹാരം വേണ്ടത്

രാത്രികാലങ്ങളിൽ ഇവിടെ മദ്യപാനവും സാമൂഹ്യവിരുദ്ധശല്യവും വർദ്ധിച്ചിട്ടുണ്ട്.രാത്രി 10 കഴിഞ്ഞാൽ ദൂരെനിന്ന് ബൈക്കിലെത്തുന്ന അപരിചിത സംഘം മദ്യപാനം നടത്തുന്നത് നാട്ടുകാർക്ക് തലവേദനയായി മാറിയിരുന്നു.നേരത്തെ നാട്ടുകാരുടെ പരാതിയിൽ പൊലീസ് പട്രോളിംഗ് നടത്തിയിരുന്നെങ്കിലും നിലവിൽ പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.ഇവിടുത്തെ സാമൂഹ്യവിരുദ്ധശല്യത്തിനെതിരെ വാർഡ് മെമ്പർ എസ്.എച്ച്.ഒയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.