തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഏത് ആവശ്യത്തിനും ഓടിയെത്തുന്ന സൗമ്യ സാന്നിദ്ധ്യമായ പ്രിയപ്പെട്ട ബിജു ബ്രദറിന് സഹപ്രവർത്തകർ കണ്ണീരോടെ യാത്രാമൊഴി നൽകി.
കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹെഡ്നഴ്സ് വി.ബിജുകുമാറിന്റെ (51) മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് അത്യാഹിതവിഭാഗത്തിനു സമീപം പൊതുദർശനത്തിന് വച്ചത്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർ നിറകണ്ണുകളോടെയാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. പാരിപ്പള്ളി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം തലസ്ഥാനത്തെത്തിച്ചത്. ആശുപത്രിയിലെ പൊതുദർശനത്തിനു ശേഷം വിളവൂർക്കൽ കുണ്ടമൺകടവ് ശങ്കരൻനായർ റോഡിലെ വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ടോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ പുളിമൂട് ഭാഗത്തുവച്ചാണ് ബിജുകുമാറിനെ കാണാതായത്. ഭാര്യ ശാലിനിയുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ടോടെ കരുനാഗപ്പള്ളിയിലെ ലോഡ്ജ് മുറിയിൽ ബിജുകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രോഗിയെത്തിയാൽ അവർക്ക് വേണ്ട എല്ലാ സഹായങ്ങളുമായി ബിജു ഉണ്ടാകും. രോഗിയുടെ വിവരം ആരാഞ്ഞ് ആരെങ്കിലും ബന്ധപ്പെട്ടാൽ അവർക്ക് ആവശ്യമായ എല്ലാവിവരവും തിരക്കി അറിയിക്കുമെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.
ആ ഉത്തരവിന് പിന്നാലെ അസ്വസ്ഥത
ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ ആത്മഹത്യയ്‌ക്ക് കാരണമായെന്നാണ് പൊലീസിന്റെ നിഗമനം. അത്യാഹിത വിഭാഗത്തിന്റെ ചുമതലകൾ പുനഃക്രമീകരിച്ച് കഴിഞ്ഞമാസം ആറിന് ഇറങ്ങിയ ഉത്തരവിന് പിന്നാലെ പ്രശ്‌നങ്ങൾ ആരംഭിച്ചെന്നാണ് വിവരം. ഈ ഉത്തരവുപ്രകാരം ബിജുകുമാറിന്റെ ഭാര്യയും സീനിയർ നഴ്സിംഗ് ഓഫീസറുമായ വി.എസ്.ശാലിനിയെ അത്യാഹിത വിഭാഗത്തിലേക്ക് നിയമിച്ചു. ശാലിനിയെ നിയമിക്കുന്നതിനായി കെ.ജി.എൻ.എ പ്രവർത്തകയെ കണ്ണാശുപത്രിയിലേക്ക് മാറ്റി. എൻ.ജി.ഒ യൂണിയൻ പ്രവർത്തകനായിരുന്നു ബിജുകുമാർ. പിന്നാലെ അത്യാഹിത വിഭാഗത്തിലെ ചുമതലകൾ പുനഃക്രമീകരിച്ചത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ സൂപ്രണ്ടിന് പരാതി നൽകി. അപാകതകൾ പരിഹരിക്കണമെന്നായിരുന്നു ആവശ്യം.
നിലവിൽ ഈ പരാതികൾ പ്രിൻസിപ്പലിന്റെ പരിഗണനയിലാണ്. ഇതോടെ രണ്ട് യൂണിയനുകളിൽപ്പെട്ടവർ രണ്ട് ചേരിയിലായി. ജോലി സ്ഥലത്തെ ഇതേക്കുറിച്ചുള്ള ചർച്ചകളിൽ ബിജുകുമാർ അസ്വസ്ഥനായിരുന്നെന്നാണ് വിവരം. പ്രതികാര നടപടികളും ഇദ്ദേഹം നേരിട്ടെന്നാണ് സൂചന. അനാവശ്യമായി തന്നെ കുടുക്കാൻ ശ്രമിക്കുന്നതായി ബിജുകുമാർ അടുപ്പക്കാരോട് സൂചിപ്പിച്ചിരുന്നു. നിലവിൽ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടില്ല.