
നെടുമങ്ങാട് : പ്രവർത്തകരിൽ ആവേശം നിറച്ച് ദേശീയ - സംസ്ഥാന നേതാക്കൾ പറന്നിറങ്ങുകയാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പൊടിപാറിച്ച ആറ്റിങ്ങലിന്റെ പോർക്കളത്തിൽ ഇന്നലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായിരുന്നു മാസ്റ്റർ ഓൺ ഫൈറ്റർ. പ്രകാശ് കാരാട്ടും ബിനോയ് വിശ്വവും പാണക്കാട് സെയ്ദ് സാദിഖലി തങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ കളം നിറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അൽഫോൺസ് കണ്ണന്താനം വിവിധ ക്രിസ്ത്യൻസഭ തലവന്മാരും ഇടവക വികാരിമാരും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. പരസ്യപ്രചാരണത്തിന് തിരശീല വീഴും മുൻപേ പരമാവധി നേതാക്കളെ രംഗത്തിറക്കാനാണ് മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളും ശ്രമിക്കുന്നത്. നേതാക്കൾക്കൊപ്പം സെൽഫിയെടുത്തും ഷേക്ക്ഹാൻഡ് നൽകിയും പ്രവർത്തകർ ഉഷാറിലാണ്. ഉച്ചവെയിലിന്റെ കാഠിന്യം കണക്കിലെടുത്ത് സ്വീകരണപര്യടനങ്ങൾ രാവിലെ ഏഴിന് ആരംഭിച്ച് പതിനൊന്നരയോടെ ഉച്ചവിശ്രമത്തിലേക്ക് കടക്കുന്ന രീതിയിലാണ് പുതുക്കിയ ഷെഡ്യൂൾ. വൈകിട്ട് മൂന്നു മുതൽ രാത്രി പത്ത് വരെ പര്യടനങ്ങൾ നീളുന്നുണ്ട്.
ചിറയിൻകീഴ് പുളിമൂട്ടിലാണ് ഗോവിന്ദൻ മാസ്റ്റർ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിക്കു വേണ്ടി വോട്ടഭ്യർത്ഥിച്ചെത്തിയത്. രാവിലെ നെടുമങ്ങാട് മണ്ഡലത്തിൽ നടന്ന സ്വീകരണ പര്യടനം വെമ്പായം ജംഗ്‌ഷനിൽ മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു. വേങ്കോട് വിശ്രമിച്ച് നെടുമങ്ങാട് നഗരസഭയിലെ മുപ്പതിലേറെ കേന്ദ്രങ്ങൾ പിന്നിട്ട് രാത്രി കരുപ്പൂര് കാവുംമൂലയിൽ സമാപിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ആർ.ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ ഇരുചക്രവാഹന റാലിയും കലാകാരന്മാരുടെ സംഘവും സ്ഥാനാർത്ഥിയെ അനുഗമിച്ചു.ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ, മലയിൻകീഴ് പഞ്ചായത്തുകളിലാണ് വി.ജോയിയുടെ പര്യടനം. രാവിലെ മലയത്ത് മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും. വിളവൂർക്കൽ ജംഗ്‌ഷനിൽ വിശ്രമിച്ച് രാത്രി മലയിൻകീഴിൽ സമാപിക്കും.
തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ പറന്നിറങ്ങിയ രേവന്ത് റെഡ്ഢി യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തി. നൂറുകണക്കിന് വാഹനങ്ങളുടെയും ബാൻഡ് മേളങ്ങളുടെയും പ്രചരണ വാഹനങ്ങളുടെയും അകമ്പടിയിൽ, പുഷ്പവൃഷ്ടിയോടെയാണ് തെലുങ്കാന മുഖ്യമന്ത്രിയെയും അടൂരിനെയും തീരദേശം സ്വീകരിച്ചത്. വൈകിട്ട് മലയോര മണ്ഡലമായ വാമനപുരത്തെ രക്തസാക്ഷി ഗ്രാമമായ പാങ്ങോട് കല്ലറയിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിലും രേവന്ത് റെഡ്ഢിയെത്തി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ആനക്കുഴി ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.ഇന്ന് രാവിലെ ചിറയിൻകീഴ് മണ്ഡലത്തിലെ മംഗലപുരം വിളയിൽകുളത്ത് നിന്ന് സ്ഥാനാർത്ഥി പര്യടനം പുനഃരാരംഭിക്കും. മൂന്നുമുക്കിൽ ഉച്ചവിശ്രമം കഴിഞ്ഞ് നാല്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി മുരുക്കുംപുഴയിൽ സമാപിക്കും. എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വിലയിരുത്തി. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച കഴിഞ്ഞ് വട്ടപ്പാറ സെന്റ് സേവിയേഴ്‌സ് ദേവാലയം സന്ദർശിച്ചു.
വി.മുരളീധരൻ ആറ്റിങ്ങൽ മണ്ഡലത്തിലാണ് ഇന്നലെ പര്യടനം നടത്തിയത്. നൈനാംകുളത്ത് ആരംഭിച്ച് മുപ്പതോളം കേന്ദ്രങ്ങൾ പിന്നിട്ട് എസ്.എൻ കോളേജ് നടയറ വഴിയിൽ ഉച്ചവിശ്രമം. വൈകിട്ട് ടി.ബി ജംഗ്‌ഷൻ പാർക്കിൽ ആരംഭിച്ച് രാത്രി വലിയവിളയിൽ സമാപിച്ചു. റോഡ്‌ഷോയുടെ പ്രതീതി ജനിപ്പിച്ചാണ് മുരളീധന്റെ പര്യടനം. സ്വീകരണങ്ങൾ ഇന്നും തുടരും.