1

തിരുവനന്തപുരം : എരിയുന്ന വെയിലിലും വാടാത്ത താമരപ്പൂക്കളുമായി കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ. ആരതി ഉഴിഞ്ഞും തിലകം അണിയിച്ചും അമ്മമാർ.ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലെ പതിവ് കാഴ്ചകൾ ഇതാണ്. വിശ്രമമറിയാതെ പരമാവധി വോട്ടർമാരെ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥി. കേന്ദ്രമന്ത്രിയുടെ പരിവേഷമല്ല, ‌ഞങ്ങൾക്കിടെയിലൊരാണ് മുരളീധരനെന്ന് നാട്ടുകാർ. പാർട്ടി ചിഹ്നമായ താമര നൽകി സ്ഥാനാർത്ഥിക്ക് വിജയാംശസകൾ അറിയിക്കാനാണ് എല്ലാവർക്കും താത്പര്യം.ഓരോ ദിവസവും സ്ഥാനാർത്ഥിയുടെ പര്യടന വാഹനം താമരപ്പൂക്കൾ കൊണ്ടു നിറയുന്ന സ്ഥിതിയാണ്.സ്വീകരണ കേന്ദ്രങ്ങളിൽ നിരവധി കൊച്ചു കുട്ടികളാണ് താമരപ്പൂക്കളുമായി കാത്തുനിന്നത്. വിഘ്നങ്ങൾ മാറി വിജയം വരിക്കാൻ അമ്മമാർ ആരതി ഉഴിഞ്ഞ് തിലകം അണിയിക്കുമ്പോൾ അത്രമേൽ ആറ്റിങ്ങലുകാർ മുരളീധരനെ ഹൃദയത്തിലേറ്റിയെന്നതിന് തെളിവാണെന്ന് പ്രാദേശിക പാർട്ടി പ്രവർത്തകർ ഒന്നടങ്കം പറയുന്നു.
കഴിഞ്ഞദിവസം വൈകിട്ട് 3.30ന് ആറ്റിങ്ങൽ ടി.ബി ജംഗ്ഷനിലെ പര്യടനത്തിനിടയിൽ സ്ഥാനാർത്ഥിയെ കാണുമ്പോൾ അന്തരീക്ഷം ചുട്ടുപൊള്ളുകയാണ്. എന്നാൽ അതൊന്നും വി.മുരളീധരന് മുന്നിൽ തടസമേയല്ല. ടി.ബി.ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ ബൈജുമുക്കിലേക്ക്.'ഇതൊക്കെ ഞാൻ നടന്നുപോയ വഴികളാണ്. പലവീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് പോയി, അവിടുള്ളവരെ പരിചയപ്പെട്ടു.' മുരളീധരൻ പറഞ്ഞു.

പിന്നെ പടക്കവിളാകത്തേക്ക്...കുറഞ്ഞ സമയം കൊണ്ട് മണ്ഡലത്തിന്റെ മുക്കും മൂലയും അറിഞ്ഞോ എന്ന് ചോദിച്ചപ്പോൾ തിരഞ്ഞെടുപ്പിന് ഒരുവർഷം മുമ്പ് ഇവിടെയെത്തിയെന്നായിരുന്നു പുഞ്ചിരിയോടെ മുരളീധരന്റെ മറുപടി.പലയിടത്തെ സ്വീകരണങ്ങളേറ്റുവാങ്ങി കൊടുമണിലേക്ക്...മാർത്താണ്ഡവർമ്മ രാജാവിന്റെ കിങ്കരൻമാർ കൊന്നുതള്ളിയ കൊടുമൺ പിള്ളയുടെ കേന്ദ്രം.നിശ്ചയിച്ചതിലും ഒന്നരമണിക്കൂർ വൈകിയാണ് എത്തിയത്. കോൺഗ്രസിലേയും ആർ.ജെ.ഡിയിലേയും അൻപതിലേറെ പ്രവർത്തകർ മുരളീധരന്റെ സാന്നിദ്ധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നു.വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ സ്ഥാനാർത്ഥിക്ക് കരുത്തേകാൻ പുതിയ മാറ്റങ്ങൾ.കൊടുമണിൽ നിന്ന് അടുത്തകേന്ദ്രത്തിലേക്ക്.മണ്ഡലത്തിലെ പ്രഭാരി മലയിൻകീഴ് രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ,ബി.ഡി.ജെ.എസ് നേതാവ് അക്കരവാരത്ത് മനോഹരൻ,കർഷകമോർച്ച നേതാവ് ഗോപകുമാർ എന്നിവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു.

 യോഗമുടക്കില്ല. ക്ഷീണം മാറ്റാൻ ജീരകവെള്ളം

രാവിലെ ഏഴിന് പര്യടനം തുടങ്ങും. അതിന് മുമ്പ് യോഗയും ലഘുഭക്ഷണവും. പിന്നെ പതിവ് വിലയിരുത്തലുകളും ചില ഒരുക്കങ്ങളും നടത്തും. എല്ലാം കൂടി രണ്ടര മൂന്ന് മണിക്കൂറെടുക്കും.ഉച്ചയ്ക്ക് ഒരുമണിയോടെ രാവിലത്തെ പര്യടനം പൂർത്തിയാക്കാനാണ് ലക്ഷ്യമെങ്കിലും തീരുമ്പോൾ രണ്ടരയാകും.ഭക്ഷണം കഴിഞ്ഞ് മൂന്ന് മണിക്ക് അടുത്തപര്യടനം.പര്യടനം കഴിയാൻ രാത്രി പത്തുമണിയാകും.ക്ഷീണമകറ്റാൻ ഇടയ്ക്ക് ജീരകവെള്ളം കുടിക്കും. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നന്ദി പ്രസംഗം നടത്തി സ്ഥാനാർത്ഥി മുന്നോട്ട്...

ഉള്ളൂരിലാണ് വീടെങ്കിലും ആറ്റിങ്ങലിലെ വാടക വീട്ടിൽ താമസിച്ചാണ് മുരളീധരന്റെ പ്രചാരണം. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്.സുരേഷാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.