തിരുവനന്തപുരം: സമയം ഇന്നലെ രാവിലെ 11, തുമ്പയ്ക്ക് സമീപത്തെ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ട്.ആറ്റിങ്ങലിന്റെ സിറ്റിംഗ് എം.പിയാണെങ്കിലും ഇരിപ്പുറയ്ക്കാതെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. കാത്തുനില്പ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വരവിനാണ്. അക്ഷമനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അടൂർ പ്രകാശ് ഇടയ്ക്ക് ഡി.സി.സി പ്രസിഡന്റ് പാലോട് രവി,യു.ഡി.എഫ് ആറ്റിങ്ങൽ പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള എന്നിവരോട് സംസാരിക്കുന്നുണ്ടായിരുന്നു.ഇടയ്ക്കിടെ സമയം തിരക്കുന്നു.വീണ്ടും ഗ്രൗണ്ടിലേക്ക് നോക്കി. 11.30 ആയപ്പോഴേക്കും ഹെലികോപ്ടറിന്റെ ഇരമ്പൽ.ഹെലികോപ്ടറിന്റെ പങ്കയിൽ നിന്നുള്ള ശക്തമായ കാറ്റ് വീശിയടിച്ചു.തുടർന്ന് പ്രവർത്തകരുടെ മുദ്രാവാക്യം വിളി.കോപ്ടറിൽ നിന്നിറങ്ങിയ രേവന്ത് റെഡ്ഡിയെ അടൂർ പ്രകാശ് ഷാൾ അണിയിച്ച് ഹസ്തദാനം ചെയ്തു.പിന്നെ പരസ്‌പരം ആശ്ളേഷിച്ച്, സ്നേഹം പങ്കിട്ടു.

രേവന്ത് റെഡ്ഡിയുമൊത്തുള്ള റോ‌ഡ് ഷോ തീരുമാനിച്ചിരുന്നതിനാൽ ഇന്നലെ അടൂർ പ്രകാശ് വാഹനപര്യടനം ഒഴിവാക്കിയിരുന്നു.രേവന്ത് റെഡ്ഡിയെ സ്വാഗതം ചെയ്തുകൊണ്ട് 'ദാ നമ്മുടെ തെലുങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെ‌ഡ്ഡി എത്തിയിരിക്കുന്നുവെന്ന് ' ഉച്ചത്തിലുള്ള അനൗൺസ്‌മെന്റ്.പ്രവർത്തകർ ആവേശത്തോടെ കൈയടിച്ച് ആർത്തുവിളിച്ചു.തോളിൽ തട്ടി രേവന്തിന്റെ കമന്റ്,വിജയം ഉറപ്പല്ലേ.ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരിയായിരുന്നു അടൂർ പ്രകാശിന്റെ മുഖത്ത്.അടൂർ പ്രകാശിന്റെ കൈപിടിച്ചു ഉയർത്തിയ ശേഷം കൈ വിടരുതെന്ന് യു.ഡി.എഫ് പ്രവർത്തകരോടും അനുഭാവികളോടും ജനങ്ങളോടുമായി അഭ്യർത്ഥന.ജനം ഒന്നുകൂടി ആവേശത്തിലായി.

പിന്നെ,റോഡ് ഷോ. ഇരുവരും തുറന്ന വാഹനത്തിൽ തോളോട് തോൾ ചേർന്നുനിന്ന് റോഡിനിരുവശത്തും നിന്നവരെ അഭിവാദ്യം ചെയ്തു.രാജീവ് ഗാന്ധി നഗറിലെത്തിയപ്പോൾ കാത്തുനിന്ന പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.
കനത്ത സുരക്ഷയിൽ നൂറുക്കണക്കിന് ബൈക്കുകളും പ്രചാരണ വാഹനങ്ങളും ഇരുവർക്കും അകമ്പടിയേകി.തുമ്പയുടെ തീരദേശ മേഖലയിലെത്തിയപ്പോൾ തിരമാലകൾ കണക്കെ ഇരുവശത്തും ജനങ്ങൾ ഇരമ്പിയാർത്തു. ആരെയും നിരാശപ്പെടുത്താതെ കൈവീശി,​ വാഹനത്തിൽ നിന്ന് കുനിഞ്ഞുനിന്ന് പ്രവർത്തകരുടെ കൈപ്പത്തികളിൽ തട്ടിത്തട്ടി ഒപ്പമുണ്ടെന്ന് ചിരിയിലൂടെ പറയാതെ പറഞ്ഞ് മുമ്പോട്ട് നീങ്ങി അടൂർ പ്രകാശ്.പുത്തൻതോപ്പിലെത്തിയപ്പോൾ ജനം ഇളകി മറിഞ്ഞു.പൂച്ചെണ്ടിലും ഷാളിലും അടൂർ പ്രകാശിനോടുള്ള സ്‌നേഹവും വിശ്വാസവും പ്രതിഫലിച്ചു.മരിയനാട് പുതുക്കുറുച്ചി വഴി പെരുമാതുറയിലെത്തിയപ്പോൾ പ്രകാശിനും രേവന്തിനും നൽകാൻ മത്സ്യത്തൊഴിലാളികളുടെ വക കുപ്പിവെള്ളമെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ റോഡ് ഷോ അഞ്ചുതെങ്ങിലെത്തുമ്പോഴും ഭക്ഷണം പോലും കഴിക്കാതെ പ്രവർത്തകർ പൊരിവെയിലത്ത് കാത്തുനിന്നു.വിശ്രമത്തിന് ശേഷം കല്ലറയിലേക്ക്.

അവിടെ നിറഞ്ഞ സദസിൽ അടൂരിന് വേണ്ടി രേവന്ത് റെഡ്ഡി വോട്ടഭ്യർത്ഥിച്ചു.നിങ്ങളുടെ കൈയ്യടി എനിക്കല്ല,പ്രകാശിന് കൊടുക്കൂ.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും ഒരുപോലെ വിമർശിച്ച രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാകുമെന്നും അത് രാഹുൽഗാന്ധി ആയിരിക്കുമെന്നും അടിവരയിട്ടു പറഞ്ഞു.ഇന്ത്യാ മുന്നണി 275ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വേദികളിലും സംസാരിച്ച് രേവന്ത് പ്രസംഗം അവസാനിപ്പിക്കുമ്പോൾ ടെൻഷനില്ലാതെ അടൂർ പ്രകാശ് ചിരിച്ചുനിന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,യു.ഡി.എഫ് ആറ്റിങ്ങൽ പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള,കൺവീനർ വർക്കല കാഹാർ,ചിറയിൻകീഴ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജെഫേഴ്‌സൻ,കൺവീനർമാരായ എം.എസ്.നൗഷാദ്,അഭയൻ തുടങ്ങിയവരും റോഡ് ഷോയ്ക്കൊപ്പം ഉണ്ടായിരുന്നു.