തിരുവനന്തപുരം : സമയം ഉച്ചയ്ക്ക്ക്ക് ഒരു മണി.ചുട്ടുപൊള്ളുന്ന വെയിൽ...കടുത്തചൂട്...ഇതൊന്നും വകവയ്ക്കാതെ കൈയിൽ പൂക്കളും ഷാളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒരുകൂട്ടം. അനൗൺസ്‌മെന്റ് വാഹനം പാഞ്ഞുവരുന്നു.ഇതാ നിങ്ങളെ കാണാൻ നിങ്ങളുടെ നാട്ടുകാരനെത്തുന്നു...സഹോദരനെത്തുന്നു...സുഹൃത്തെത്തുന്നു...പ്രിയപ്പെട്ട സഖാവ് ജോയി എത്തുന്നു......ആവേശം ഉയർത്തി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ. നന്ദി പറഞ്ഞ് വോട്ട് തേടി ജോയിയണ്ണനെത്തി...പിന്നാലെ സ്ത്രീകൾ ഉൾപ്പെടെ സെൽഫിയെടുക്കുന്ന തിരക്കിൽ സ്ഥാനാർത്ഥി...
ആര്യനാട് കാനക്കുഴി ജംഗ്ഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ പര്യടനം എത്തിയപ്പോഴുള്ള കാഴ്ചയായിരുന്നു ഇത്.ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിന്റെ മലയോരമേഖലയിൽ ആവേശം നിറച്ചായിരുന്നു ജോയിയുടെ പര്യടനം.
ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ മണ്ഡലത്തിലെ വിവിധ കോണുകളിൽ ജോയി എത്തി. സ്വീകരണകേന്ദ്രങ്ങളിലെ വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും പര്യടനത്തിന് മാറ്റുകൂട്ടി. പാർട്ടി പ്രവർത്തകർക്ക് പുറമേ വീട്ടമ്മാർ,വിദ്യാർത്ഥികൾ,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിങ്ങനെ സൂഹത്തിന്റെ വിവിധ മേഖലയിലുള്ള സാധാരണക്കാരുടെ സാന്നിദ്ധ്യം ഓരോ സ്വീകരണസ്ഥലത്തും ആവേശത്തിന്റെ ഓളം തീർത്തു.കണിക്കൊന്നയും നാട്ടുമാങ്ങയും പഴക്കുലകളും കരിക്കിൻ വെള്ളവും പ്രിയപ്പെട്ട നേതാവിന് നൽകി വിജയാംശസ തീർത്തു.
പൂക്കളുമായി കാത്തുനിന്ന കുട്ടകൾക്കരികിലേക്ക്...അവർക്ക് മുന്നിലേക്ക് മൈക്ക് നീട്ടി പേരും വിശേഷങ്ങളും ചോദിച്ചു. പര്യടന വാഹനത്തിൽ നിന്ന് ഇറങ്ങി തൊഴിലുറപ്പ് തൊഴിലാളികളുടെ അരികിലേക്കെത്തി കുശലം പറഞ്ഞുമായിരുന്നു ജോയിയുടെ പര്യടനം.
നിശ്ചയിച്ചതിലും കൂടുതൽ സ്ഥലങ്ങളിൽ സ്വീകരണം ഒരുക്കിയതിനാൽ മൂന്നു മണിക്കൂറോളം വൈകിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമെത്തിയത്.
അരുവിക്കര നിയോജകമണ്ഡലത്തിലെ തേവൻകോട് ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.സുനിൽകുമാണ് ഉദ്ഘാടനം ചെയ്തത്. പരുത്തിപ്പള്ളി,കോട്ടൂർ ജംഗ്ഷൻ,ചപ്പാത്ത്,കൊക്കോട്ടേല,പള്ളിവേട്ട,ബൗണ്ടർമുക്ക് എന്നിവിടങ്ങിളിലെ സ്വീകരണത്തിനു ശേഷം മീനാങ്കലിൽ ഉച്ചവിശ്രമം.തുടർന്ന് കീഴ്പാലൂർ നിന്ന് തുടങ്ങി പറണ്ടോട്,താന്നിമൂട്,ആര്യനാട്,വെളിയന്നൂർ,പുനലാൽ,കണ്ണമ്പള്ളി എന്നിവിടങ്ങളിലൂടെ വെള്ളനാട് രാത്രി വൈകി പര്യടനം സമാപിച്ചു.അഡ്വ: ജി. സ്റ്റീഫൻ.എം.എൽ.എ,മണ്ഡലം സെക്രട്ടറി എൻ.ഷൗക്കത്തലി, മണ്ഡലം ചെയർമാൻ എം.എസ്. റഷീദ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
കരിക്കിൻ വെള്ളവും നാടൻ പഴങ്ങളും
രാവിലെ ആറോടെ തിരക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങും. ഭക്ഷണം കഴിച്ചെന്ന് വരുത്തി നേരേ പ്രചാരണ വാഹനത്തിലേക്ക്...പിന്നെ ഉച്ചഭക്ഷണം എപ്പോൾ കഴിക്കുമെന്ന് പറയാനാകില്ല. ഓരോ സ്ഥലത്തും മൂന്നു മണിക്കൂർ വൈകിയാണ് പര്യടനമെത്തുന്നത്.എല്ലായിടത്തും ആശ്വാസമായി പ്രവർത്തകരെത്തും.സ്വീകരണസ്ഥലങ്ങളിൽ കരിക്കിൻ വെള്ളവും നാടൻ പഴവർഗ്ഗങ്ങളുമായി കാത്തുനിൽക്കുന്നവർ നിരവധിപേർ.ജോയി അണ്ണാ കഴിക്ക് എന്നുപറഞ്ഞ് സ്നേഹത്തോടെ നൽകുമ്പോൾ സ്ഥാനാർത്ഥിയും ഹാപ്പി.കൊടും ചൂടിൽ പൊള്ളി നിൽക്കുമ്പോൾ വലിയ ആശ്വാസമാണിത്.കണിക്കൊന്നയും നാട്ടുമാങ്ങയും പഴക്കുലകളും കരിക്കിൻ കുലകളുമായി പ്രിയപ്പെട്ട നേതാവിന് വിജയാംശസ നേരുന്നവരും നിരവധി.
ഞാൻ നിങ്ങളുടെ വിളിപ്പുറത്ത്
രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറത്ത് നാട്ടുകാരനൊരുവോട്ട്, ഞാൻ നിങ്ങളുടെ വിളിപ്പുറത്തുള്ളയാളാണ്. ഈ മണ്ഡലത്തിലുള്ള ഏക ജനപ്രതിനിധി ഞാനാണ്.എനിക്കൊരു അവസരം തരണം. നിങ്ങൾ മാത്രമല്ല, സുഹൃത്തുക്കളുമൊക്കെ ചേർന്ന് എന്നെ വിജയിപ്പിക്കണം.മണ്ഡലത്തിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാത്തുനിൽക്കുന്നവരോട് ജോയിക്ക് പറയാനുള്ളത് ഇതാണ്.പിന്നാലെ കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കാട്ടുന്ന അവഗണന.അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേമപെൻഷനും തൊഴിലുറപ്പ് കൂലിയിലും മുടക്കംവരാൻ കാരണമെന്നും ജനങ്ങളോട് വിശദീകരിച്ചാണ് ജോയിയുടെ പര്യടനം പുരോഗമിക്കുന്നത്.