
കല്ലമ്പലം: ജീവിതവിശുദ്ധി കൈവരിക്കുക എന്നതാവണം ഹജ്ജ് യാത്രയുടെ ലക്ഷ്യമായി കാണേണ്ടതെന്ന് കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ അൽഹാജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അഭിപ്രായപ്പെട്ടു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പള്ളിക്കൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജാജിമാർക്കുള്ള ഇഹ്റാം വസ്ത്രങ്ങൾ അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ അൽബാഫഖി ചടങ്ങിൽ വിതരണം ചെയ്തു. പഠനക്ലാസ് ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് അൽഹാജ് കെ.എച്ച്. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഡി.കെ.ജെ.യു ജില്ലാ സെക്രട്ടറി കടുവയിൽ ഇർഷാദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഷുക്കൂർ മൗലവി എം.എഫ്.ബി സ്വാഗതവും, കെ.എച്ച് ഷറഫുദ്ദീൻ മൗലവി നന്ദിയും പറഞ്ഞു. അൽഹാജ് എ.കെ ഉമ്മർ മൗലവി ഹജ്ജ്-ഉംറ പഠന ക്ലാസ് നയിച്ചു. തുടർന്ന് നടന്ന പ്രാർത്ഥനാസംഗമത്തിന് ഡി.കെ.ജെ.യു സംസ്ഥാന ഉപാദ്ധ്യക്ഷൻ അസ്സയിദ് മുത്തുക്കോയ തങ്ങൾ അൽബാഫഖി നേതൃത്വം നൽകി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മുഖപത്രമായ "അന്നസീം" ദ്വൈവാരികയുടെ ജില്ലാതല പ്രചരണോദ്ഘാടനം ഡി.കെ.ഐ.എം.വി ബോർഡ് ചെയർമാൻ പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി നിർവ്വഹിച്ചു.