തിരുവനന്തപുരം: കൈമനം മുതൽ പ്രാവച്ചമ്പലം വരെയുള്ള ദേശീയപാതയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ തടയാൻ ശാശ്വതപരിഹാരം കണ്ടെത്തി റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർക്കും നേമം പൊലീസ് ഇൻസ്പെക്ടർക്കുമാണ് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
പ്രാവച്ചമ്പലം,നേമം,വെള്ളായണി ജംഗ്ഷൻ,കാരയ്ക്കാമണ്ഡപം,പാപ്പനംകോട്,ശ്രീരാഗം ജംഗ്ഷൻ എന്നിവിടങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണ്.
ഇക്കഴിഞ്ഞ വിഷു ദിവസം രാവിലെ ഗണപതിക്ഷേത്രത്തിൽ പോയശേഷം ജെ.പി ലെയിനിലുള്ള വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുമ്പോൾ വൃദ്ധ കാറിടിച്ച് തത്ക്ഷണം മരിച്ചു.ഇവിടെ കാൽനടയാത്ര തടയാൻ ഇരുമ്പുമറ സ്ഥാപിക്കുന്ന നടപടികൾ തുടങ്ങിയെങ്കിലും സീബ്രാ ക്രോസിംഗുകൾ ആവശ്യാനുസരണം ഇല്ലാത്തതുകാരണം റോഡ് മുറിച്ചുകടക്കാൻ കിലോമീറ്ററുകൾ നടക്കേണ്ട ദുരവസ്ഥയാണുള്ളത്.കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ആവശ്യാനുസരണം ട്രാഫിക് ലൈറ്റ് സംവിധാനവുമില്ല.ട്രാഫിക് ലൈറ്റിൽ ചുവപ്പ് തെളിയുമ്പോഴും കടന്നുപോവുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പൊതുപ്രവർത്തകൻ ശാന്തിവിള പത്മകുമാറിന്റെ പരാതിയിലുണ്ട്.