തിരുവനന്തപുരം: കെട്ടിടനിർമ്മാണത്തിന് എൻ.ഒ.സി ലഭിക്കാൻ ബുദ്ധിമുട്ടുന്നതായി പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ പരിസരത്ത് താമസിക്കുന്നവർ ആരോപിച്ചു.സൈനിക കേന്ദ്രങ്ങൾക്ക് സമീപത്തുള്ള കെട്ടിടനിർമ്മാണത്തിന് നഗരസഭയിൽ നിന്ന് എൻ.ഒ.സി ലഭിക്കുന്നതിനുള്ള ദൂരപരിധി 100 മീറ്ററായിരുന്നു. 2022ൽ പരിധി 50 മീറ്ററായി കുറച്ചു.50 മീറ്ററിനകത്തും സുരക്ഷാപ്രശ്നങ്ങളില്ലെങ്കിൽ എൻ.ഒ.സി അനുവദിക്കണമെന്ന് 2022ലെ ഭേദഗതിയിൽ പറഞ്ഞിരുന്നു. എന്നാൽ, 2023 മുതൽ 100 മീറ്റർ പരിധിക്കുള്ളിൽ കെട്ടിടനിർമ്മാണം പാടില്ലെന്ന് പാങ്ങോട് സൈനിക കേന്ദ്രം ബോർഡ് സ്ഥാപിച്ചതായി പരിസരവാസികളും സാമൂഹികരംഗത്ത് പ്രവർത്തിക്കുന്ന നന്മ എന്ന സംഘടന ഭാരവാഹികളും പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50 മീറ്റർ കെട്ടിടനിർമ്മാണപരിധി പുനഃസ്ഥാപിക്കണമെന്ന് വാർത്താസമ്മേളനത്തിൽ നന്മ ജനറൽ സെക്രട്ടറി പ്രസന്ന കുമാർ,കൺവീനർ രാജേന്ദ്രൻ,രാമചന്ദ്രൻ നായർ തുടങ്ങിയവർ ആവശ്യപ്പെട്ടു.