photo

നെടുമങ്ങാട് :മുന്നണികളുടെ ആരോപണ - പ്രത്യാരോപണങ്ങൾ കനക്കുന്നതിനിടെ,സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇടത്-വലത് സ്ഥാനാർത്ഥികൾക്കായി കളത്തിലിറങ്ങും. 21ന് വൈകിട്ട് നാലിന് മാമം മൈതാനത്ത് യെച്ചൂരിയും ഇന്ന് തലസ്ഥാനത്ത് പ്രിയങ്കഗാന്ധിയും പ്രചാരണത്തിനെത്തും.പ്രിയങ്കയ്ക്ക് സ്വാഗതമരുളി ആറ്റിങ്ങൽ മണ്ഡലത്തിലും പരക്കെ ബാനറുകൾ ഉയർന്നിട്ടുണ്ട്.കോൺഗ്രസ് പ്രകടനപത്രികയെ (ന്യായ് പത്ര) മുൻനിറുത്തി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ നേതൃത്വത്തിൽ യുവജന- വിദ്യാർത്ഥി സെമിനാറുകൾക്കും മണ്ഡലത്തിൽ തുടക്കമായി. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സ്ഥാനാർത്ഥി പര്യടനങ്ങളിൽ ആവേശം അലതല്ലുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി ഇന്നലെ കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ,മലയിൻകീഴ് പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. മുത്തുക്കുടയും കിരീടധാരണവും ഫ്‌ളാഷ് മോബുമൊക്കെയായി സ്വീകരണങ്ങൾ ഒന്നിനൊന്ന് ഗംഭീരം. മലയം ജംഗ്‌ഷനിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.വിളവൂർക്കൽ ജംഗ്‌ഷനിൽ വിശ്രമിച്ച് രാത്രി മലയിൻകീഴിൽ ശക്തിപ്രകടനത്തോടെ സമാപിച്ചു. അമ്പതിലേറെ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് ജോയിക്ക് ലഭിച്ചത്.എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എസ്.ചന്ദ്രബാബു, ജനറൽ കൺവീനർ എം.എം.ബഷീർ എന്നിവർ നേതൃത്വം നൽകി.ഇന്ന് ചിറയിൻകീഴ് മണ്ഡലത്തിലാണ് പര്യടനം.കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,കഠിനംകുളം പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങുമെന്ന് ചെയർമാൻ ഡി.ടൈറ്റസും സെക്രട്ടറി ആർ.സുഭാഷും അറിയിച്ചു.അടൂർ പ്രകാശിന്റെ പര്യടനം ചിറയിൻകീഴ് മണ്ഡലത്തിലെ മംഗലപുരം മേഖലയിലായിരുന്നു. മേനംകുളം ജംഗ്‌ഷനിൽ മുൻ എം.എൽ.എ വി.ടി.ബൽറാം ഉദ്‌ഘാടനം ചെയ്തു.ആരതിയുഴിഞ്ഞും നിറപറ സമർപ്പിച്ചും പ്രവർത്തകർ സ്ഥാനാർത്ഥിയെ എതിരേറ്റു. ത്രിവർണ പതാക പിടിച്ച വനിതകൾ ഉൾപ്പെടെ ഇരുചക്ര വാഹനറാലി അകമ്പടിയായി.മൂന്നുമുക്കിൽ വിശ്രമിച്ച് രാത്രി പത്തരയോടെ മുരുക്കുംപുഴയിൽ സമാപിച്ചു.ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എഫ്.ജെഫേഴ്‌സൺ,കൺവീനർമാരായ എം.എസ്.നൗഷാദ്, കെ.ആർ.അഭയൻ എന്നിവർ നേതൃത്വം നൽകി.ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കടുവാപ്പള്ളിയിൽ ആരംഭിച്ച് രാത്രി കാരേറ്റ് ശീമവിളയിൽ സമാപിക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്‌ഘാടനം ചെയ്യും. എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരന്റെ കിളിമാനൂർ മണ്ഡലം പര്യടനത്തിന് ഇന്നലെ തുടക്കമായി.കരവാരം പഞ്ചായത്തിലെ കല്ലമ്പലത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പുതുശേരിമുക്ക് വഴി വെള്ളല്ലൂർ ചെമ്പരത്തിമുക്കിൽ ഉച്ചവിശ്രമം.കരവാരം മുല്ലശ്ശേരി മുക്കിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കാര്യാലയം വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.വൈകിട്ട് കടയ്ക്കാവൂർ കുറക്കടയിൽ,പുകയിലത്തോപ്പ് കോളനി വഴി രാത്രി ഇളമ്പ പാലം ജംഗ്‌ഷനിൽ സമാപനം. ബി.ജെ.പി ജില്ലാ ട്രഷറർ ബാലമുരളി ഉദ്ഘാടനം ചെയ്തു.അമ്പതോളം കേന്ദ്രങ്ങളിൽ പുഷ്പവൃഷ്ടി നടത്തിയും ഷാൾ അണിയിച്ചും ഹൃദ്യമായ വരവേല്പാണ് മുരളീധരനു ലഭിച്ചത്.സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം ശ്രദ്ധേയമായി.പര്യടനം ഇന്നും തുടരും.