v-joy

വർക്കല:അണിഞ്ഞൊരുങ്ങിയ വധുവിനെ നടുക്കിരുത്തി ചുറ്റിലും പെൺകുട്ടികൾ കൈകൊട്ടിപ്പാടി നൃത്തം വയ്ക്കുന്നതാണ് ഒപ്പന.വിവാഹ ആഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തം.എന്നാൽ,നെടുമങ്ങാട് പത്താംകല്ലിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഒപ്പനയ്ക്ക് മാറ്റേറെ.വധുവിന്റെ സ്ഥാനത്ത് ആറ്റിങ്ങലിലെ ഇടത് സ്ഥാനാർത്ഥി വി.ജോയി.വരന്റെ ഗുണഗണങ്ങൾക്ക് പകരം നർത്തകിമാർ വർണിച്ചത് സ്ഥാനാർത്ഥിയുടെ മേന്മകൾ. ജോയിയുടെ മണ്ഡലം പര്യടനത്തോടനുബന്ധിച്ച് സ്ഥലത്തെ എൽ.ഡി.എഫ് പ്രവർത്തകർ ഒരുക്കിയ സ്വീകരണമാണ് വേറിട്ട കാഴ്ചയായത്.കഴുത്തിൽ ചുവന്ന ഷാൾ ചുറ്റി,വലംകൈയിൽ റോസാപ്പൂവേന്തി തട്ടമിട്ട നർത്തകിമാരുടെ ചുവടിനൊപ്പം താളം പിടിക്കുന്ന സ്ഥാനാർത്ഥിയുടെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. യു.ഡി.എഫ്,ബി.ജെ.പി പ്രവർത്തകരും തങ്ങളുടെ പ്രിയ സ്ഥാനാർത്ഥികളുടെ പ്രചാരണം വേറിട്ടതാക്കുന്നത്തിൽ ഒട്ടും പിന്നിലല്ല.ന്യൂജെൻ കുട്ടികൾക്കൊപ്പം ചിത്രരചന നടത്തി അടൂർ പ്രകാശും,സ്വീകരണ കേന്ദ്രങ്ങളിൽ ഒന്നൊഴിയാതെ ആരതിയുഴിഞ്ഞ് വി.മുരളീധരനും കളത്തിൽ ഒപ്പത്തിനൊപ്പമുണ്ട്.പരസ്യ പ്രചാരണത്തിന് തിരശീല വീഴും മുമ്പ്,വോട്ടർമാരുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ പതിനെട്ടടവും പയറ്റുകയാണ് സ്ഥാനാർത്ഥികളും മുഖ്യധാര മുന്നണികളും.

ചിറയിൻകീഴ് നിയമസഭ മണ്ഡലത്തിലെ കടയ്ക്കാവൂർ ,അഞ്ചുതെങ്ങ്,കഠിനംകുളം പ്രദേശങ്ങളിലായിരുന്നു വി.ജോയി ഇന്നലെ പര്യടനം നടത്തിയത് . ചിറയിൻകീഴ് തെക്കുംഭാഗത്ത് നിന്നാരംഭിച്ച പര്യടനം എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്തു. വിളയിൽമൂല, തൊപ്പിച്ചന്ത, മണനാക്ക്, അഞ്ചുതെങ്ങ്, മേനംകുളം തുടങ്ങി അറുപതിലധികം കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു . രാത്രിയോടെ വിജയൻകുളം ജംഗ്ഷനിൽ പര്യടനം സമാപിച്ചു. വാമനപുരം മണ്ഡലത്തിലാണ് ഇന്നത്തെ പര്യടനം. രാവിലെ 8 ന്

ദേശാഭിമാനി ഗ്രന്ഥശാലാ ജംഗ്ഷനിൽ നിന്നും പര്യടനമാരംഭിക്കും.വൈകിട്ട് 4ന് ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ നടക്കുന്ന വി.ജോയിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. തുടർന്ന് യുവജനങ്ങൾക്കായി ഒരുക്കിയിട്ടുള്ള എൻ ജോയി എന്ന പരിപാടിയുടെ ഭാഗമായി ഗൗരി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും നടക്കും.

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിയായിരുന്നു അടൂർ പ്രകാശ് ഇന്നലെ പര്യടനം നടത്തിയത് . കടുവയിൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്‌ണപിള്ള ഉദ്ഘാടനം ചെയ്തു. ചാത്തമ്പാറ , ആലംകോട്, വഞ്ചിയൂർ, നഗരൂർ തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്നേഹ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ ശീമവിളയിൽ പര്യടനം സമാപിച്ചു. നെടുമങ്ങാട് വെമ്പായം മേഖലകളിലാണ് ഇന്നത്തെ പര്യടനം. രാവിലെ 8ന് വെട്ടുറോഡ് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പര്യടനം സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ പര്യടനം ഉദ്ഘാടനം ചെയ്യും .

പാലോട്, കരകുളം മേഖലകളിലാണ് വി.മുരളീധരൻ കഴിഞ്ഞദിവസം പര്യടനം നടത്തിയത് . മൂഴി ഉണ്ടടപ്പാറയിൽ നിന്നാരംഭിച്ച പര്യടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ പര്യടനം ഉദ്ഘാടനം ചെയ്തു. ആനാട് , കുറുപുഴ , നന്ദിയോട് എന്നിവിടങ്ങളിലെ 35 ഓളം കേന്ദ്രങ്ങളിൽ സ്വീകരണമേറ്റുവാങ്ങി ഉച്ചയോടെ തോന്നിമൂട് ജംഗ്ഷനിൽ സമാപിച്ചു . ഉച്ചവിശ്രമത്തിന് ശേഷം വൈകിട്ട് പരിയാരം ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം തമ്പാനൂർ സതീശ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ടിവി താരം കൃഷ്ണപ്രസാദ് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു. രാത്രിയോടെ ഏണിക്കരയിൽ പര്യടനം സമാപിച്ചു.