photo

നെയ്യാറ്റിൻകര: അമിത വേഗത്തിൽ ചീറിപ്പായുന്ന കെ.എസ്.ആർ.ടി.സി ബസുകളും കൂറ്റൻ ലോറികളും കാരണം റോഡ് മരണക്കയമായിട്ടും റോഡ് സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് പരാതി. കഴിഞ്ഞ രണ്ട്മാസത്തിനിടെ മാത്രം നെയ്യാറ്റിൻകരയിൽ പൊലിഞ്ഞത് മൂന്ന് ജിവനുകളാണ്. അപകടമുണ്ടാക്കുന്ന ഇത്തരം വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആകെ കിട്ടുന്നതോ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുള്ള ശിക്ഷമാത്രം. കഴിഞ്ഞ ജനുവരി 23ന് ആരുഷ് എന്ന നാലുവയസ്സുകാരൻ മരിച്ച സംഭവവും ഈ മാസം 6ന് ഷീജായെന്ന വീട്ടമ്മ മരിച്ച സംഭവവും ഏപ്രിൽ 24 ന് രജ്ഞിത് എന്ന യുവാവ് മരിച്ച സംഭവവും ഞെട്ടലോടെയാണ് ജനങ്ങൾ ഇപ്പോഴും ഓർക്കുന്നത്. അപകടങ്ങൾ പെരുകുമ്പോഴും അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.

 നിലയ്ക്കാതെ അപകടങ്ങൾ

മുത്തച്ഛനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചാരോട്ടുകോണം സ്വദേശി ആരുഷ് അമിതവേഗത്തിലെത്തിയ ലോറിക്കടിയിൽപ്പെട്ട് ദാരുണമായി മരിച്ചത്. നെയ്യാറ്റിൻകര നിന്നുവന്ന അമരവിള ഭാഗത്തേക്ക് പോകുകയായിരുന്ന ഷീജയുടെ ജീവൻതട്ടിയെടുത്തത് അമിതവേഗത്തിലെത്തിയ സ്കൂട്ടറിന്റെ രൂപത്തിലാണ്. മൂന്നാമതായി രജ്ഞിത് എന്ന യുവാവ് മരിച്ചതാണ് അടുത്തിടെ നടന്ന അവസാത്തെ അപകടം. ജോലികഴിഞ്ഞ് തിരുവന്തപുരത്ത് നിന്ന് മരായമുട്ടത്തേക്ക് വരിയായിരുന്ന രജ്ഞിത്തിന്റെ സ്കൂട്ടർ ചുടുകല്ല് കയറ്റിവന്ന ലോറിയിടിച്ചുവീഴ്ത്തുകയായിരുന്നു.

നിയന്ത്രണമില്ലാതെ...

നിയന്ത്രണമില്ലാതെ പായുന്ന കെ.എസ്.ആർ.ടി.സി ബസുകളും കൂറ്റൻ ലോറികളും അപകടക്കെണി ഒരുക്കുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം നെയ്യാറ്റിൻകര ടൗണിലും ആലുംമൂട്ടിലും ബാലരാമപുരത്തും കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് നിരവധി അപകടങ്ങൾ ഉണ്ടായി. റോഡ് ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പലപ്പോഴും ഇത്തരക്കാരുടെ യാത്ര. അമിത വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടികൂടി നടപടി സ്വീകരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പും പൊലീസുമാണ്. എന്നാൽ ഇക്കൂട്ടർ അമിത വേഗത്തിൽ വരുന്ന വാഹനങ്ങളെ തടഞ്ഞുനിർത്തി രേഖകൾ പരിശോധിച്ച ശേഷം കൈമടക്ക് വാങ്ങി നടപടി എടുക്കാതെ കടത്തിവിടുകയാണ് പതിവ്.

 നടക്കാൻപോലും വയ്യ

ഡ്രൈവിങ്ങിൽ അമിതമായ ഓവർടേക്ക് ചെയ്യാൻ ഡ്രൈവർ എടുക്കുന്ന താത്പര്യം അപകടം ഒഴിവാക്കുന്നതിൽ കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇത് മുൻപിലും പിന്നിലും ഉള്ള മറ്റു വാഹനയാത്രക്കാരെ മരണത്തിലേക്ക് നയിക്കുന്നു. ദീർഘദൂര യാത്രയ്ക്ക് പോകുന്ന ബസ്സുകളെക്കാൾ ഹ്രസ്വ ദൂരയാത്ര ബസുകളാണ് അപകടക്കെണി ഒരുക്കുന്നത്. സീബ്രാ ലൈനുകളിൽ കൂടെ നടന്നു പോകുന്ന കാൽനട യാത്രക്കാർക്ക് ബസ് നിറുത്തിക്കൊടുക്കാതെ തട്ടിയിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.