തിരുവനന്തപുരം: ഇക്കൊല്ലം മുതൽ ഓൺലൈനായി നടത്തുന്ന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് (കീം) ആറ് സെഷനുകളുണ്ടാവും.

ജൂൺ ഒന്നു മുതൽ 9 വരെയാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളതെങ്കിലും മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് എൻട്രൻസ് കമ്മിഷണറേറ്റ് ആലോചിക്കുന്നത്. ഇരുപതിനായിരം കമ്പ്യൂട്ടറുകൾ ലഭ്യമായാൽ ആറ് സെഷനുകളിലായി പരീക്ഷ നടത്താനാവും. 25ന് അന്തിമതീരുമാനമാവും.

എൻജിനിയറിംഗ് കോളേജുകളും സ്കൂളുകളുമടക്കം 200 കേന്ദ്രങ്ങളിൽ പരീക്ഷ നടത്താനാണ് ശ്രമം. എൻജിനിയറിംഗിനു മാത്രമായി 65007 അപേക്ഷകരാണുള്ളത്. എൻജിനിയറിംഗിനും ഫാർമസിക്കും അപേക്ഷിച്ചത് 28763പേരാണ്. ഫാർമസിക്ക് മാത്രമായി 18671 പേരും അപേക്ഷിച്ചു. സി ഡിറ്റിന്റെ സോഫ്‌റ്റ്‌വെയറുപയോഗിച്ചാണ് ഓൺലൈൻ പരീക്ഷ. അതിവേഗത്തിൽ ഫലം പ്രഖ്യാപിച്ച് പ്രവേശനം തുടങ്ങാനാവും.

ഇനി 150 ചോദ്യങ്ങളുള്ള 3 മണിക്കൂർ ഒറ്റ പരീക്ഷയാവും. 75 ചോദ്യങ്ങൾ മാത്തമാറ്റിക്സ്, 45 എണ്ണം ഫിസിക്സ്, 30 എണ്ണം കെമിസ്ട്രി എന്നിങ്ങനെ. ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ സ്കോറായിരിക്കും ബിഫാം പ്രവേശനത്തിന് പരിഗണിക്കുക. ഫാർമസിക്ക് മാത്രം അപേക്ഷിക്കുന്നവർക്ക് 75ചോദ്യങ്ങളുള്ള ഒന്നര മണിക്കൂർ പരീക്ഷ നടത്തും. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുടെ മാർക്കിനും പ്രവേശന പരീക്ഷയിലെ സ്കോറിനും തുല്യപരിഗണന നൽകി റാങ്ക് പട്ടിക തയ്യാറാക്കും.